ശ്രീലങ്ക പുറത്ത്!,പ്രഥമ വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ വേദിയാകും, പാകിസ്ഥാൻ കളിക്കില്ല, കാരണം ഇങ്ങനെ
മുംബൈയിലും വഡോദരയിലുമായാകും മത്സരങ്ങള്‍ നടത്തുക.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ത്യ ആതിഥേയരാകും. 6 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ശ്രീലങ്കയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ മത്സരങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയില്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയാണ് നയിക്കുന്നത്. ഐസിസി നിയമപ്രകാരം ക്രിക്കറ്റ് അസോസിയേഷനുകളില്‍ സര്‍ക്കാരോ രാഷ്ട്രീയക്കാരോ ഇടപെടുന്നതില്‍ വിലക്കുണ്ട്. ഇതാണ് വേദിമാറ്റത്തിന് കാരണം.
ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ടൂര്‍ണമെന്റിനായി താല്പര്യം അറിയിച്ചിരുന്നെങ്കിലും അവസാനം ഇന്ത്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു. മുംബൈയിലും വഡോദരയിലുമായാകും മത്സരങ്ങള്‍ നടത്തുക. റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ മുന്നിലെത്തുന്ന 2 ടീമുകളാകും ഫൈനലില്‍ ഏറ്റുമുട്ടുക. ആകെ 16 മത്സരങ്ങളാകും ടൂര്‍ണമെന്റില്‍ നടക്കുക.
ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കുക. റാങ്കിങ്ങിലെ ആദ്യ 6 സ്ഥാനക്കാരാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുക. റാങ്കിങ്ങില്‍ എട്ടാമതുള്ള പാകിസ്ഥാന് അതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കില്ല.