രാമായണ പാരായണം - രണ്ടാം ദിവസം

WEBDUNIA| Last Updated: ബുധന്‍, 17 ജൂലൈ 2024 (10:52 IST)

ബാല്യവും കൗമാരവും

ദമ്പതിമാരെബ്ബാല്യംകൊണ്ടേവം രഞ്ജിപ്പിച്ചു
സമ്പ്രതി കൗമാരവും സമ്പ്രാപിച്ചിതു മെല്ലെ.
വിധിനന്ദനനായ വസിഷ്ഠമഹാമുനി
വിധിപൂര്‍വകമുപനിച്ചിതു ബാലനമാരെ.
ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങള്‍
സ്‌മൃതികളുപസ്‌മൃതികളുമശ്രമമെല്ലാം
പാഠമായതു പാര്‍ത്താലെന്തൊരത്ഭുത,മവ
പാടവമേറും നിജശ്വാസങ്ങള്‍തന്നെയല്ലോ.
സകലചരാചരഗുരുവായ്മരുവീടും
ഭഗവാന്‍ തനിക്കൊരു ഗുരുവായ്‌ ചമഞ്ഞീടും 760
സഹസ്രപത്രോത്ഭവപുത്രനാം വസിഷ്ഠന്റെ
മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോര്‍ത്താല്‍!
ധനുവേദാംഭോനിധിപാരഗന്മാരായ്‌വന്നു
തനയന്മാരെന്നതു കണ്ടോരു ദശരഥന്‍
മനസി വളര്‍ന്നൊരു പരമാനന്ദംപൂണ്ടു
മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്‌.
ആമോദം വളര്‍ന്നുളളില്‍ സേവ്യസേവകഭാവം
രാമലക്ഷ്മണന്മാരും കൈക്കൊണ്ടാ,രതുപോലെ
കോമളന്മാരായ്മേവും ഭരതശത്രുഘ്നന്മാര്‍
സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം. 770
രാഘവനതുകാലമേകദാ കൗതൂഹലാല്‍
വേഗമേറീടുന്നൊരു തുരഗരത്നമേറി
പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേര്‍ന്നു
ബാണതൂണീരഖഡ്ഗാദ്യായുധങ്ങളുംപൂണ്ട്‌
കാനനദേശേ നടന്നീടിനാന്‍ നായാട്ടിനാ-
യ്ക്കാണായ ദുഷ്‌ടമൃഗസഞ്ചയം കൊലചെയ്താന്‍.
ഹരിണഹരികരികരടിഗിരികിരി
ഹരിശാര്‍ദ്ദൂലാദികളമിതവന്യമൃഗം
വധിച്ചു കൊണ്ടുവന്നു ജനകന്‍കാല്‍ക്കല്‍വച്ചു
വിധിച്ചവണ്ണം സമസ്കരിച്ചു വണങ്ങിനാന്‍. 780
നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
ജനകജനനിമാര്‍ചരണാംബുജം വന്ദി-
ച്ചനുജനോടു ചേര്‍ന്നു പൗരകാര്യങ്ങളെല്ലാം
ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കല്‍
സന്തതം രഞ്ജിപ്പിച്ചു ധര്‍മ്മപാലനംചെയ്തു
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേര്‍ന്നു
സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
ധര്‍മ്മശാസ്‌ത്രാദിപുരാണേതിഹാസങ്ങള്‍ കേട്ടു
നിര്‍മ്മലബ്രഹ്‌മാനന്ദലീനചേതസാ നിത്യം 790
പരമന്‍ പരാപരന്‍ പരബ്രഹ്‌മാഖ്യന്‍ പരന്‍
പുരുഷന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
ഭൂമിയില്‍ മനുഷ്യനായവതാരംചെയ്തേവം
ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാന്‍.
ചെതസാ വിചാരിച്ചുകാണ്‍കിലോ പരമാര്‍ത്ഥ-
മേതുമേ ചെയ്യുന്നോന,ല്ലില്ലല്ലോ വികാരവും
ചിന്തിക്കില്‍ പരിണാമമില്ലാതൊരാത്മാനന്ദ-
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :