രാമായണ പാരായണം - രണ്ടാം ദിവസം

WEBDUNIA| Last Updated: ബുധന്‍, 17 ജൂലൈ 2024 (10:52 IST)

രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്‌മാര്‍ച്ചിതം.
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാര്‍ത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
ബ്രഹ്‌മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം പത്മോപമം
നിര്‍മ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
മന്മനോനികേതനം കല്‍മഷവിനാശനം
നിര്‍മ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
ജഗദാശ്രയം ഭവാന്‍ ജഗത്തായതും ഭവാന്‍
ജഗതാമാദിഭൂതനായതും ഭവാനല്ലോ. 1160
സര്‍വഭൂതങ്ങളിലുമസക്തനല്ലോ ഭവാന്‍
നിര്‍വികാരാത്മാ സാക്ഷിഭൂതനായതും ഭവാന്‍.
അജനവ്യയന്‍ ഭവാനജിതന്‍ നിരഞ്ജനന്‍
വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
വാച്യവാചകോഭയഭേദേന ജഗന്മയന്‍
വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
കാര്യകാരണകര്‍ത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാര്‍ക്കുപോലുമറിയാനരുതല്ലോ. 1170
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
ത്വന്മാഹാത്മ്യങ്ങള്‍ നേരേയറിഞ്ഞുകൂടായല്ലോ.
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍.
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
ശുദ്ധനദ്വയന്‍ സമന്‍ നിത്യന്‍ നിര്‍മ്മലനേകന്‍
ബുദ്ധനവ്യക്തന്‍ ശാന്തനസംഗന്‍ നിരാകാരന്‍
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തന്‍
സത്വങ്ങളുളളില്‍ വാഴും ജീവാത്മാവായ നാഥന്‍ 1180
ഭക്താനാം മുക്തിപ്രദന്‍ യുക്താനാം യോഗപ്രദന്‍
സക്താനാം ഭുക്തിപ്രദന്‍ സിദ്ധാനാം സിദ്ധിപ്രദന്‍
തത്ത്വാധാരാത്മാ ദേവന്‍ സകലജഗന്മയന്‍
തത്ത്വജ്ഞന്‍ നിരുപമന്‍ നിഷ്‌കളന്‍ നിരഞ്ജനന്‍
നിര്‍ഗ്ഗുണന്‍ നിശ്ചഞ്ചലന്‍ നിര്‍മ്മലന്‍ നിരാധാരന്‍
നിഷ്‌ക്രിയന്‍ നിഷ്‌കാരണന്‍ നിരഹങ്കാരന്‍ നിത്യന്‍
സത്യജ്ഞാനാനന്താനന്ദാമൃതാത്മകന്‍ പരന്‍
സത്താമാത്രാത്മാ പരമാത്മാ സര്‍വ്വാത്മാ വിഭൂ
സച്ചിദ്‌ബ്രഹ്‌മാത്മാ സമസ്തേശ്വരന്‍ മഹേശ്വര-
നച്യുതനാദിനാഥന്‍ സര്‍വദേവതാമയന്‍ 1190
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
പൊന്‍ത്തളിരടികളിലിളക്കം വരാതൊരു
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
നര്‍ത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
നമസ്തേ രാമരാമ! ഭക്തവത്സല! രാമ! 1200
നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
സമസ്തകര്‍മ്മാര്‍പ്പണം ഭവതി കരോമി ഞാന്‍
സമസ്തമപരാധം ക്ഷമസ്വ ജഗല്‍പതേ!
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടിസദൃശപ്രഭം രാമം
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദഭാസം രാമം
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം 1210
കമലദലലോലവിമലവിലോചനം
കമലോത്ഭവനതം മനസാ രാമമീഡേ."

പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
പുരുഷോത്തമം കൂപ്പി സ്തുതിച്ചാല്‍ ഭക്തിയോടേ
ലോകേശാത്മജയാകുമഹല്യതാനും പിന്നെ
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്‌.
ഗൗതമനായ തന്റെ പതിയെ പ്രാപിച്ചുട-
നാധിയും തീര്‍ത്തു വസിച്ചീടിനാളഹല്യയും.
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാന്‍
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടന്‍ 1220
പരമം ബ്രഹ്‌മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൗഖ്യം പുരുഷന്മാര്‍ക്കു നൂനം.
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
ണ്ടീ സ്തുതി ജപിച്ചീടില്‍ സാധിക്കും സകലവും.
പുത്രാര്‍ത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
മര്‍ത്ഥാര്‍ത്ഥി ജപിച്ചീടിലര്‍ത്ഥവുമേറ്റമുണ്ടാം.
ഗുരുതല്‍പഗന്‍ കനകസ്തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റമെങ്കിലുമവന്‍ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം 1230
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാല്‍ വണങ്ങുകില്‍ സാധിക്കുമല്ലോ മോക്ഷം.
സദ്വഹൃത്തനെന്നായീടില്‍ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :