രാമായണ പാരായണം - രണ്ടാം ദിവസം

WEBDUNIA| Last Updated: ബുധന്‍, 17 ജൂലൈ 2024 (10:52 IST)

താടകാവധ

താടകാവനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ 900
"രാഘവ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം.
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടക ഭയങ്കരി വാണിടും ദേശമല്ലൊ.
അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല
ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ"മെന്നു മാമുനി പറഞ്ഞപ്പോള്‍
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. 910
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്‌.
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകാമാറില്‍ കൊണ്ടിതു രാമബാണം.
പാരതില്‍ മല ചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
സ്വര്‍ണ്ണരത്നാഭരണഭൂഷിതഗാത്രിയായി
സുന്ദരിയായ യക്ഷിതന്നെയും കാണായ്‌വന്നു.
ശാപത്താല്‍ നക്തഞ്ചരിയായോരു യക്ഷിതാനും
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 920
കൗശികമുനീന്ദ്രനും ദിവ്യാസ്‌ത്രങ്ങളെയെല്ലാ-
മാശു രാഘവനുമുപദേശിച്ചു സലക്ഷ്മണം.
നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
രാത്രിയും പിന്നിട്ടവര്‍ സന്ധ്യാവന്ദനംചെയ്തു
യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ.
പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്‍ക്കാരംചെയ്താര്‍. 930
വിശ്രമിച്ചനന്തരം രാഘവന്‍തിരുവടി
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുള്‍ചെയ്തുഃ
"താപസോത്തമ, ഭവാന്‍ ദീക്ഷിക്ക യാഗമിനി
താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാല്‍
നഷ്ടമാക്കുവന്‍ ബാണംകൊണ്ടു ഞാന്‍ തപോനിധേ!"
യാഗവും ദീക്ഷിച്ചിതു കൗശികനതുകാല-
മാഗമിച്ചിതു നക്തഞ്ചരന്മാര്‍ പടയോടും.
മദ്ധ്യാഹ്നകാലേ മേല്‍ഭാഗത്തിങ്കല്‍നിന്നുമത്ര
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 940
പാരാതെ രണ്ടു ശരം തൊടുത്തു രാമദേവന്‍
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാന്‍.
കോന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാന്‍.
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവന്‍.
അര്‍ണ്ണവംതന്നില്‍ ചെന്നു വീണിതു, രാമബാണ-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്‌.
പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാന്‍. 950



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :