രാമായണ പാരായണം - രണ്ടാം ദിവസം

WEBDUNIA| Last Updated: ബുധന്‍, 17 ജൂലൈ 2024 (10:52 IST)

"എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
മാനുഷനല്ല രാമന്‍ മാനവശിഖാമണേ!
മാനമില്ലാത പരമാത്മാവു സദാനന്ദന്‍
പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിക്കമൂലമായി
പത്മലോചനന്‍ ഭൂമീഭാരത്തെക്കളവാനായ്‌
നിന്നുടെ തനയനായ്ക്കൗസല്യാദേവിതന്നില്‍
വന്നവതരിച്ചിതു വൈകുണ്ഠന്‍ നാരായണന്‍.
നിന്നുടെ പൂര്‍വജന്മം ചൊല്ലുവന്‍ ദശരഥ!
മുന്നം നീ ബ്രഹ്‌മാത്മജന്‍ കശ്യപപ്രജാപതി 850
നിന്നുടെ പത്നിയാകുമദിതി കൗസല്യ കേ-
ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്‌
ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങള്‍
മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
ഭക്തവത്സലന്‍ ദേവന്‍ വരദന്‍ ഭഗവാനും
പ്രത്യക്ഷീകരിച്ചു 'നീ വാങ്ങിക്കൊള്‍ വര'മെന്നാന്‍.
'പുത്രനായ്പിറക്കേണമെനിക്കു ഭവാ'നെന്നു
സത്വരമപേക്ഷിച്ചകാരണമിന്നു നാഥന്‍
പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
പൃത്ഥ്വീന്ദ്ര! ശേഷന്‍തന്നെ ലക്ഷ്മണനാകുന്നതും. 860
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാര്‍
ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
യോഗമായാദേവിയും സീതയായ്‌ മിഥിലയില്‍
യാഗവേലായാമയോനിജയായുണ്ടായ്‌വന്നു.
ആഗതനായാന്‍ വിശ്വാമിത്രനുമവര്‍തമ്മില്‍
യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
പുത്രനെക്കൂടെയയച്ചീടുക മടിയാതെ."
സന്തുഷ്ടനായ ദശരഥനും കൗശികനെ
വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂര്‍വം 870
'രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്ക്കൊണ്ടാലു'മെ-
ന്നാമോദം പൂണ്ടു നല്‍കി ഭൂപതിപുത്രന്മാരെ.
'വരിക രാമ! രാമ! ലക്ഷ്മണാ! വരിക'യെ-
ന്നരികേ ചേര്‍ത്തു മാറിലണച്ചു ഗാഢം ഗാഢം
പുണര്‍ന്നുപുണര്‍ന്നുടന്‍ നുകര്‍ന്നു ശിരസ്സിങ്കല്‍
'ഗുണങ്ങള്‍ വരുവാനായ്പോവിനെന്നുരചെയ്താന്‍.
ജനകജനനിമാര്‍ചരണാംബുജം കൂപ്പി
മുനിനായകന്‍ ഗുരുപാദവും വന്ദിച്ചുടന്‍
വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാര്‍,
വിശ്വരക്ഷാര്‍ത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 880
ചാപതൂണീരബാണഖഡ്ഗപാണികളായ
ഭൂപതികുമാരന്മാരോടും കൗശികമുനി
യാത്രയുമയപ്പിച്ചാശീര്‍വാദങ്ങളും ചൊല്ലി
തീര്‍ത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രന്‍.
മന്ദം പോയ്‌ ചില ദേശം കടന്നോരനന്തരം
മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
"രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേള്‍
കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങള്‍.
ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
ദേഹങ്ങളല്ലോ മുന്നം നിങ്ങള്‍ക്കെന്നതുമൂലം 890
ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്‌
മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
ബാലകന്മാരേ! നിങ്ങള്‍ പഠിച്ചു ജപിച്ചാലും
ബലയും പുനരതിബലയും മടിയാതെ.
ദേവനിര്‍മ്മിതകളീ വിദ്യക"ളെന്നു രാമ-
ദേവനുമനുജനുമുപദേശിച്ചു മുനി.
ക്ഷുല്‍പിപാസാദികളും തീര്‍ന്ന ബാലന്മാരുമാ-
യപ്പോഴേ ഗംഗ കടന്നീടിനാന്‍ വിശ്വാമിത്രന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :