രാമായണ പാരായണം - രണ്ടാം ദിവസം

WEBDUNIA| Last Updated: ബുധന്‍, 17 ജൂലൈ 2024 (10:52 IST)

വിശ്വാമിത്രന്‍റെ യാഗരക്

അക്കാലം വിശ്വാമിത്രനാകിയ മുനികുല-
മുഖ്യനയോദ്ധ്യയ്ക്കാമ്മാറെഴുന്നള്ളീടിനാന്‍, 800
രാമനായവനിയില്‍ മായയാ ജനിച്ചൊരു
കോമളമായ രൂപം പൂണ്ടൊരു പരാത്മാനം
സത്യജ്ഞാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍
ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ
കൌശികന്‍ തന്നെക്കണ്ടു ഭൂപതി ദശരഥ-
നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവും ചെയ്തു,
വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-
വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
സസ്മിതം മുനിവരന്‍ തന്നോടു ചൊല്ലീടിനാന്‍.
‘’അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്
നിന്തിരുവടിയെഴുന്നള്ളിയതുമൂലം കൃതാര്‍-
ത്ഥാന്തരാത്മാനായിതു ഞാനിഹ തപോനിധേ
ഇങ്ങനെയുള്ള നിങ്ങളെഴുന്നള്ളീടും ദേശം
മംഗലമായ്‌വന്നാശു സമ്പത്തും താനെ വരും
എന്തെന്നു ചിന്തിച്ചെഴുന്നള്ളിയതെന്നുമിപ്പോള്‍
നിന്തിരുവടിയരുള്‍ചെയ്യേണം ദയാനിധേ!
എന്നാലാകുന്നതെല്ലാം ചെയ്‌വേന്‍ ഞാന്‍ മടിയാതെ
ചൊന്നാലും പരമാര്‍ത്ഥം താപസകുലപതേ!"
വിശ്വാമിത്രനും പ്രീതനായരുള്‍ചെയ്തീടിനാന്‍
വിശ്വാസത്തോടു ദശരഥനോടതുനേരം

"ഞാനമാവാസ്യതോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍
മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-
ന്മാരിരുവരുമനുചരന്മാരായുളേളാരും.
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
യവനീപതേ! രാമദേവനെയയയ്ക്കേണം.

പുഷ്കരോത്ഭവപുത്രന്‍തന്നോടു നിരൂപിച്ചു
ലക്ഷ്മണനേയുംകൂടെ നല്‍കേണം മടിയാതെ.
നല്ലതു വന്നീടുക നിനക്കു മഹീപതേ!
കല്യാണമതേ! കരുണാനിധേ! നരപതേ!"

ചിന്താചഞ്ചലനായ പങ്ക്തിസ്യന്ദനനൃപന്‍
മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാന്‍
"എന്തു ചൊല്‍വതു ഗുരോ! നന്ദനന്‍തന്നെ മമ
സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
എത്രയും കൊതിച്ച കാലത്തിങ്കല്‍ ദൈവവശാല്‍
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോള്‍
നിര്‍ണ്ണയം മരിക്കും ഞാന്‍ രാമനെ നല്‍കീടാഞ്ഞാ-
ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രന്‍.
എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി
ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം."



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :