രാമായണ പാരായണം - രണ്ടാം ദിവസം

WEBDUNIA| Last Updated: ബുധന്‍, 17 ജൂലൈ 2024 (10:52 IST)

ഭക്തവത്സലനഭയംകൊടുത്തതുമൂലം
ഭക്തനായ്‌വന്നാനന്നുതുടങ്ങി മാരീചനും.
പറ്റലര്‍കുലകാലനാകിയ സൗമിത്രിയും
മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാല്‍.
ദേവകള്‍ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താല്‍
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
യക്ഷകിന്നരസിദ്ധചാരണഗന്ധര്‍വന്‍മാര്‍
തല്‍ക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാര്‍.
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണര്‍-
ന്നശ്രുപൂര്‍ണ്ണാര്‍ദ്രാകുലനേത്രപത്മങ്ങളോടും 960
ഉത്സംഗേ ചേര്‍ത്തു പരമാശീര്‍വാദവുംചെയ്തു
വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താല്‍.
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‍
പറഞ്ഞു രസിപ്പിച്ചു കൗശികനവരുമായ്‌.
അരുള്‍ചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
"അരുതു വൃഥാ കാലം കളകെന്നുളളതേതും.
ജനകമഹീപതിതന്നുടെ മഹായജ്ഞ-
മിനി വൈകാതെ കാണ്മാന്‍ പോക നാം വത്സന്മാരേ!
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു. 970
ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം
ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാന്‍
കാണണം മഹാസത്വമാകിയ ധനൂരത്നം."
താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു
ഭൂപതിബാലന്മാരും കൂടെപ്പോയ്‌ വിശ്വാമിത്രന്‍
പ്രാപിച്ചു ഗംഗാതീരം ഗൗതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
ദിവ്യപാദപലതാകുസുമഫലങ്ങളാല്‍
സര്‍വമോഹനകരം ജന്തുസഞ്ചയഹീനം
കണ്ടു കൗതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി- 980
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ
"ആശ്രമപദമിദമാര്‍ക്കുളള മനോഹര-
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുള്‍ചെയ്യേണം താപോനിധേ!"



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :