ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് തുറക്കും
നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങുന്ന മേല്‍ശാന്തി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്‌നി പകരും.
ഭക്തലക്ഷങ്ങള്‍ക്ക് പുണ്യദര്‍ശനമൊരുക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ (നവംബര്‍ 16) വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ മുഖ്യകാര്‍മ്മികത്വത്തിലും സാന്നിധ്യത്തിലും നിലവിലെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കുക.
നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങുന്ന മേല്‍ശാന്തി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്‌നി പകരും. ഈ സമയം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത ശബരിമല മേല്‍ശാന്തി അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം നിയുക്ത മേല്‍ശാന്തി എ. ദാമോദരന്‍ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി കൈപിടിച്ച് പതിനെട്ടാംപടി കയറ്റി സോപാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് വൈകിട്ട് 6.30-ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങുകള്‍ നടക്കും. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്‍ ഇരുവരെയും അഭിഷേകം ചെയ്ത് മൂലമന്ത്രം ഓതിക്കൊടുക്കുന്നതോടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുറപ്പെടാ ശാന്തിമാരായി ഇവര്‍ ചുമതലയേല്‍ക്കും. വൃശ്ചികം ഒന്നായ നവംബര്‍ 17-ന് പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തിമാരായിരിക്കും സന്നിധാനത്തെയും മാളികപ്പുറത്തെയും നടകള്‍ തുറക്കുക.
അതേസമയം, നട തുറക്കുന്ന നാളെ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ഥാടകരെ കടത്തിവിടുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 12-ന് മുന്‍പ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ഥാടകരുമായി ബസ് സര്‍വീസുകള്‍ നടത്തരുതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.എസ്.ആര്‍.ടി.സിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് മുന്‍പുള്ള യാത്രകള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ ടിക്കറ്റ് നല്‍കാവൂ എന്നും പമ്പയിലേക്ക് മുന്‍കൂട്ടി ടിക്കറ്റുകള്‍ അനുവദിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.
41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ഡിസംബര്‍ 27-നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. തീര്‍ഥാടകരുടെ സുരക്ഷയും സുഗമമായ ദര്‍ശനവും ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡും പൊലീസും ആരോഗ്യവകുപ്പും വിപുലമായ ക്രമീകരണങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്.
