1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jaljeevan mission fund delay due to lack of documentation

ജൽ ജീവൻ മിഷൻ: കേന്ദ്രം അനുവദിച്ച 4461 കോടി വാങ്ങിയെടുക്കാനാവാതെ കേരളം, പണി നിർത്തി കരാറുകാർ

2024ല്‍ അവസാനിച്ച പദ്ധതിയുടെ കാലാവധി 2028 ഡിസംബര്‍ വരെയായി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു.

Jaljeevan Mission,Fund delay, Centre, Kerala News
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി സംസ്ഥാനത്തിന് അനുവദിച്ച 4461 കോടി രൂപ വാങ്ങിയെടുക്കനാവാതെ കേരളം. കഴിഞ്ഞ ജൂലായിലാരുന്നു കേന്ദ്രം സംസ്ഥാനത്തിന് പണം അനുവദിച്ചത്. എന്നാല്‍ ഇതിനാവശ്യമായ രേഖകള്‍ ഹാജരാക്കി പണം വാങ്ങിയെടുക്കാനുള്ള ശ്രമം ജല അതോറിറ്റിയില്‍ നിന്നോ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ ഉണ്ടാകുന്നില്ല.
 
2024ല്‍ അവസാനിച്ച പദ്ധതിയുടെ കാലാവധി 2028 ഡിസംബര്‍ വരെയായി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. പദ്ധതിക്കായി വിവിധ പ്രവര്‍ത്തികള്‍ ചെയ്ത കരാറുകാര്‍ക്ക് 2000 കോടിയിലധികം രൂപ ജല അതോറിറ്റി നല്‍കാനുണ്ട്. മാര്‍ച്ച് മാസമാകുമ്പോഴേക്കും കൂടുതല്‍ ബില്ലുകള്‍ എത്തികയും ഈ തുക അയ്യായിരം കോടിയോളം എത്തുകയും ചെയ്യും. പണം കിട്ടാതായതോടെ ചെറുകിട കരാറുകാര്‍ പലരും പണി നിര്‍ത്തി. പൈപ്പിടാനായി ഗ്രാമീണറോഡുകള്‍ പൊളിച്ചതിന്റെ അറ്റകുറ്റപ്പണി പലയിടങ്ങളും നടത്തിയിട്ടില്ല. അതെല്ലാം വേഗത്തിലാക്കണമെങ്കില്‍ കരാറുകാരുടെ കുടിശ്ശിക സര്‍ക്കാരിന് നല്‍കേണ്ടതായി വരും.
 
കേന്ദ്രത്തില്‍ നിന്ന് തുക വാങ്ങിയെങ്കില്‍ മാത്രമെ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാവു എന്ന സാഹചര്യത്തിലാണ് ഈ അനാസ്ഥ. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നബാര്‍ഡില്‍ നിന്ന് ഏഴായിരം കോടി വായ്പയെടുത്താണ് കുടിശ്ശിക സര്‍ക്കാര്‍ തീര്‍ത്തത്. കരാറുകാര്‍ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായതോടെയാണ് സര്‍ക്കാര്‍ വായ്പയെടുക്കാന്‍ തീരുമാനിച്ചത്. ജല്‍ ജീവന്‍ മിഷന്‍ പ്രകാരം അതോറിറ്റി ചിലവഴിക്കുന്ന അത്രയും തുക ചിലവഴിക്കേണ്ടത് കേന്ദ്രമാണ്. എന്നാല്‍ 2 വര്‍ഷമായി കേന്ദ്രത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ല.
 
ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും ഉണ്ടായ ക്രമക്കേടുകള്‍ പരിശോധിക്കാനായാണ് 2 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ വിഹിതം മരവിപ്പിച്ചത്. ഇതോടെ കടമെടുത്താണ് സര്‍ക്കാര്‍ പ്രതിസന്ധി മറികടന്നത്. എന്നാല്‍ അതിന് ശേഷം കേന്ദ്രത്തില്‍ നിന്നും ഫണ്ട് നേടിയെടുക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് നടപ്പാക്കുന്ന 44,000 കോടിയുടെ ജല്‍ജീവന്‍ പദ്ധതിയില്‍ 22,000 കോടിയോളം ചെലവഴിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. 15,000 കോടി രൂപയോളം സംസ്ഥാനസര്‍ക്കാര്‍ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. ജല്‍ജീവന്‍ മിഷനിലെ മെല്ലെപ്പോക്ക് കൊണ്ട് ഉപഭോക്താക്കള്‍ പദ്ധതി ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. വെള്ളം കിട്ടാത്തതിനാല്‍ കണക്ഷന്‍ ഒഴിവാക്കിതരണമെന്ന് ആറ് ലക്ഷത്തോളം പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കൊച്ചിയിൽ സ്വകാര്യ ബസുകളിൽ എം.വി.ഡി മിന്നൽ പരിശോധന; 382 വാഹനങ്ങൾക്കെതിരെ നടപടി, 2.41 ലക്ഷം രൂപ പിഴ