ഇന്ത്യ സെമിയില്
|
ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ 154 റണ്‍സിന്‍റെ വിജയ ലക്‍ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ എടുക്കാനായത് 116 റണ്‍സ്. രോഹിത് ശര്‍മ്മയുടേയും(50) മഹേന്ദ്ര സിംഗ് ധോനിയുടേയും(45) ബാറ്റിംഗും 13 റണ്‍സ് നല്‍കി നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍ പി സിംഗിന്‍റെ പ്രകടനവും ഇന്ത്യയ്‌ക്ക് തുണയായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ബാറ്റിംഗില്‍ താളം കണ്ടെത്താനായിരുന്നില്ല. 61 റണ്‍സിനു നാലു വിക്കറ്റ് നഷ്ടമായിടത്തു നിന്നായിരുന്നു നായകന്‍റെയും രോഹിത് ശര്‍മ്മയുടേയും കൂട്ടുകെട്ട് പിറന്നത്. കഴിഞ്ഞ കളിയിലെ റിക്കോഡിന്‍റെ കൂട്ടുകാരന്‍ യുവരാജ് സിംഗ് പരുക്ക് മൂലം കളിയില്‍ നിന്ന് വിട്ട് നിന്നപ്പോള്‍ പകരമെത്തിയ രോഹിത് ശര്‍മ്മയും ക്യാപ്റ്റന്‍ ധോനിയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
എന്നാല്‍, രണ്ടാം പകുതിയില്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു. ഇന്ത്യന്‍ യുവ നിര ജയത്തിനായി ഫീല്‍ഡില്‍ കാണിച്ച ആവേശം കൂടിയായപ്പോള്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു. 31 ന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ സ്ഥിതിയില്‍ നിന്നും അവരെ 100 കടത്തി വിട്ടത് മാര്‍ക്ക് ബൌച്ചറും(36) ആല്‍ബി മോര്‍ക്കലും(36) 36 പന്തുകളില്‍ നേടിയ 69 റണ്‍സായിരുന്നു.
എന്നാല്‍ വിടാന്‍ ഭാവമില്ലാതിരുന്ന ഇന്ത്യന്‍ ബൌളര്‍മാര്‍ ഇടവേളകളിലെല്ലാം വിക്കറ്റുകളും സമ്മാനിച്ചു. മലയാളി താരം ശ്രീശാന്തും ഹര്‍ഭജന്‍ സിംഗും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശ്രീശാന്തിന്‍റെ ഒരു വൈഡ് ബോള്‍ പിടിക്കാന്‍ ഡൈവ് ചെയ്‌ത ധോനിക്കു പരുക്കു പറ്റിയതിനെ തുടര്‍ന്ന് ദിനേശ് കാര്‍ത്തിക്ക് വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുത്തു. രണ്ടു സ്റ്റമ്പിംഗും ഒരു ക്യാച്ചുമായി മനോഹരമായ പ്രകടനം നടത്തി.
50 റണ്‍സ് എടുക്കുകയും ഉജ്വലമായി ഫീല്‍ഡ് ചെയ്യുകയും ചെയ്‌ത അരങ്ങേറ്റക്കാരന്‍ രോഹിത് ശര്‍മ്മയായിരുന്നു കളിയിലെ കേമന്‍. പരാജയം ഉറപ്പായതോടെ ദക്ഷിണാഫ്രിക്ക അവസാന ഓവറുകളില്‍ നടത്തിയ 126 റണ്‍സ് ലക്‍ഷ്യം വച്ചുള്ള ബാറ്റിംഗ് അവരെ കൂടുതല്‍ കുഴപ്പത്തിലാക്കി. പോയിന്‍റുനില തുല്യമായതോടെ ന്യൂസിലാന്‍ഡിനെ കടന്ന് സെമിയില്‍ എത്തണമെങ്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 126 റണ്‍സ് നേടണമായിരുന്നു.
സ്കോര്‍ബോര്‍ഡ്