രാജ്യത്തിന്റെ ഭാവിയെ വിഘടനവാദികളാക്കി തള്ളുന്ന ഭരണകൂടം
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കും പുനഃപരീക്ഷയ്ക്കും ഇടയിലുള്ള 46 ദിവസത്തിനിടെ 11 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജീവിത സ്വപ്നം യാഥാർഥ്യമാകില്ലെന്ന് പേടിച്ച്, വീണ്ടുമൊരു നീറ്റ് പരീക്ഷയെ നേരിടാൻ ആത്മധൈര്യമില്ലാത്തതിനാൽ ജീവനൊടുക്കിയവരാണ് 17 നും 20 നും ഇടയിൽ പ്രായമുള്ള ഈ കുട്ടികൾ.
പുനഃപരീക്ഷയ്ക്കു ശേഷവും ജീവനൊടുക്കിയവർ ഉണ്ടാകാം, അല്ലെങ്കിൽ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ ഉണ്ടാകാം. ഇവർക്കെല്ലാം വേണ്ടിയാണ് തെരുവിൽ സമരം നടക്കുന്നത്. ആ കുട്ടികളെയാണ് രാജ്യവിരുദ്ധരും വിഘടനവാദികളുമാക്കി ചാപ്പകുത്തി ഭരണകൂടം റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത്. ഇതിനൊരു വർഗസമരത്തിന്റെ സ്വഭാവമുണ്ട്. 56 ഇഞ്ചിന്റെ നെഞ്ച് വിരിവുകൊണ്ടൊന്നും അതിനെ ചെറുക്കാൻ ഫാസിസ്റ്റ് ഭരണാധികാരികൾക്കു സാധിക്കില്ല. അടിച്ചമർത്താൻ നോക്കും തോറും കൂടുതൽ ആവേശത്തോടെ ആളികത്തുന്ന സമരാഗ്‌നിയാണിത്..!
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എന്നാൽ അതിനൊപ്പം നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരം 25-ാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. സോനം വാങ്ചുക്കിനെ ഇരുപത് ദിവസം നീണ്ട നിരാഹാരത്തിനൊടുവിൽ പൊലീസ് തന്ത്രപൂർവം കസ്റ്റഡിയിലെത്ത് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഒപ്പം നിരാഹാരം പ്രഖ്യാപിച്ചിരുന്ന വിദ്യാർഥികൾ സഹന സമരം തുടരുകയാണ്. ഇതിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയും നിരാഹാരം തുടങ്ങി.