കൊല്‍ക്കത്ത|
സജിത്ത്|
Last Modified ബുധന്‍, 11 മെയ് 2016 (16:55 IST)
പശ്ചിമ ബംഗാളില്‍ പോത്തിനെ മോഷ്ടിച്ചുയെന്ന് ആരോപണമുന്നയിച്ച് ഐ ടി ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിനാലുകാരനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. കൗശിക് പുരാകിത് എന്ന വിദ്യാര്‍ത്ഥിയാണ് അതി ദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെന്നും നാല് പേര്‍ കസ്റ്റഡിയിലാണെന്നും പൊലീസ് വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ തിങ്കളാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്. തിങ്കളാഴച വൈകിട്ടോടെ ബന്ധുവീട്ടില്‍ എത്തിയ കൗശികിനെ പോത്തിനെ മോഷ്ടിച്ചു എന്നാരോപിച്ച് ഒരുകൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ കൗശികിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗമായ തപസ് മാലിക്കിന്റെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് കൗശികിനെ ആക്രമിച്ചതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പൊലീസ് വേണ്ടവിധം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തന്റെ മകന് ഇങ്ങനെയൊരു അന്ത്യം സംഭവിക്കില്ലായിരുന്നുയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് രാഷ്ട്രീയമാനം നല്‍കി സി പി ഐ എം രംഗത്തെത്തിയിട്ടുണ്ട്