തൃശൂർ|
aparna shaji|
Last Modified ബുധന്‍, 11 മെയ് 2016 (16:54 IST)
നടൻ കലാഭവൻ മണി മരിച്ചിട്ട് രണ്ട് മാസമായിട്ടും മരണത്തിലെ ദുരൂഹത നീക്കാനാകാതെ പൊലീസ്. ദുരൂഹ മരണം സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം പാതിവഴിയിൽ നിലച്ചു. മണിയുടെ ശരീരത്തിൽ കണ്ടെത്തിയ മെഥനോളിന്റേയും കീടനാശിനിയുടേയും അംശം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിലെ കേന്ദ്രഫൊറന്‍സിക് ലാബിലെ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
കാക്കനാട് ലാബിലെ ആന്തരികാവയവ പരിശോധനയില്‍ കണ്ടെത്തിയ മെഥനോളിന്റെയും ക്ലോറോ പെറിഫോസിന്റെയും സാന്നിധ്യത്തിന്റെ അളവ് സംബന്ധിച്ച് ഇനിയും നിഗമനമായില്ല. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണം വേഗത്തിലാക്കാനുള്ള ഇടപെടല്‍ ആഭ്യന്തര വകുപ്പില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
അതേസമയം മണിയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മണിയുടെ കുടുംബം. നിലവിലെ പൊലീസ് അന്വേഷണത്തിലുള്ള വിശ്വാസം ഇവർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങളുടെ ഇടപെടലിലൂടെയാണ് അന്വേഷണസംഘം വിപുലീകരിക്കാന്‍ ആഭ്യന്തരവകുപ്പ് ആദ്യം തയ്യാറായത്. എന്നാല്‍ രണ്ട് മാസമായിട്ടും കേസന്വേഷണത്തിൽ കാര്യമായ ഒരു മാറ്റവും ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.