'ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നു, മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ'; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

നിഹാരിക കെ.എസ്| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2025 (16:22 IST)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന 'ന്യൂ നോർമലി'നെ ചൈനയുടെ ഭീഷണിയായും മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മയുമായാണ് കാണേണ്ടതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു.

ചൈനയുമായി അനുരഞ്ജനത്തിനുള്ള മോദി സർക്കാരിന്റെ നീക്കം അതിർത്തിയിൽ അവർ നടത്തുന്ന കടന്നുകയറ്റത്തെ നിയമവിധേയമാക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കാൻ കരസേനാ മേധാവി ആവശ്യപ്പെട്ടിട്ടും, അതിൽ പരാജയപ്പെട്ട മോദി സർക്കാർ ചൈനയുമായി അനുരഞ്ജനത്തിന് ശ്രമിക്കുകയാണെന്നും ഇത് ചൈനയുടെ അതിർത്തിയിലെ കടന്നുകയറ്റത്തെ നിയമവിധേയമാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാർലുങ് സാങ്‌പോ നദിയിൽ ചൈന പ്രഖ്യാപിച്ചിരിക്കുന്ന ഭീമൻ ജലവൈദ്യുത പദ്ധതി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. എന്നാൽ ഈ വിഷയത്തിൽ മോദി സർക്കാർ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :