സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

ഓണ്‍ലൈന്‍ കാസിനോ ഗെയിംസില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടിയായി തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ച് പ്രിയങ്കയുടെ ക്ലാസില്‍ പഠിക്കുന്ന ദിഗനാഥ് എന്ന സഹപാഠിയാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത്

രേണുക വേണു| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (08:55 IST)
സഹപാഠി 15 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി. ബി.കോം വിദ്യാര്‍ഥിനിയായ പ്രിയങ്ക ബി (19 വയസ്) ആണ് ആത്മഹത്യ ചെയ്തത്. നവംബര്‍ 29 ന് രാജാജിനഗറിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയത്.

ഓണ്‍ലൈന്‍ കാസിനോ ഗെയിംസില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടിയായി തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ച് പ്രിയങ്കയുടെ ക്ലാസില്‍ പഠിക്കുന്ന ദിഗനാഥ് എന്ന സഹപാഠിയാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത്. സഹപാഠിയുടെ വാക്ക് വിശ്വസിച്ച് പ്രിയങ്ക പലപ്പോഴായി 15 ലക്ഷം രൂപയുടെ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നല്‍കി. പ്രിയങ്ക സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു ചോദിച്ചപ്പോള്‍ ദിഗനാഥ് ഭീഷണിപ്പെടുത്താനും ആഭരണങ്ങള്‍ തിരിച്ചുനല്‍കില്ലെന്ന് പറയാനും തുടങ്ങി.

ആത്മഹത്യാ കുറിപ്പില്‍ ദിഗനാഥിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. പ്രിയങ്കയുടെ പിതാവ് ഭാരത് കുമാര്‍ രാജാജിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 108 പ്രകാരം ദിഗനാഥിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :