മഹാസമുദ്രം പോലെ പരന്നു കിടക്കുന്ന ഹൈന്ദവ പുരാണേതിഹാസങ്ങളുടെ അഗാധതകളിലേക്ക് വെട്ടം പകര്‍ന്ന പണ്ഡിതനാണ് വെട്ടം മാണി.
ഒരു വ്യാഴവട്ടത്തിലേറെയുള്ള സപര്യയിലൂടെ ഉത്കൃഷ്ടമായ പുരാണ നിഘണ്ടു കൈരളിക്കു സമ്മാനിച്ച വെട്ടം മാണി 1921 ഓഗസ്റ്റ് 27 ന് കോട്ടയം ജില്ലയിലെ കൊച്ചുമറ്റത്തായിരുന്നു ജനിച്ചത്.1987 മെയ് 29ന് അന്തരിച്ചു.
അദ്ദേഹം തപസ്സെടുത്ത് രചിച്ച പുരാണിക് എന്‍സൈക്ളോപീഡിയ എന്ന പുരാണ വിജ്ഞാനകോശം എത്രകാലം കഴിഞ്ഞാലും നിലനില്‍ക്കുന്ന മഹദ് ഗ്രന്ഥമായിരിക്കും. ഈ കൃതി ഇംഗ്ളീഷിലും മറ്റു ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതു കൃതിയുടെ ദീപ്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
പുരാണേതിഹാസങ്ങളുടെ അകപ്പൊരുള്‍ തേടി
വ്യക്തിക്കെന്നപോലെ സമൂഹത്തിനും ഒരു അവബോധമുണ്ട്. ആദിമ സമൂഹത്തിന്‍റെ ആദ്യാനുഭവങ്ങള്‍ തൊട്ടുള്ളവയുടെ ആകെത്തുകയാണ് അതിന്‍റെ ഉള്ളടക്കം.പുരാണ സങ്കല്പങ്ങളാകട്ടെ ഈ ആദ്യാനുഭവങ്ങളുടെ പ്രതീകങ്ങളാണ്.അവയിലേക്ക് തിര്‍ഥയാത്ര നടത്താന്‍ ഏതു കാലത്തും മനുഷ്യന് കൗതകമാണ്