ഒ.എന്‍.വി: വരച്ച വരയിലൂടെ നടക്കുകയാണല്ലോ. നാം നടക്കുന്പോള്‍ വര തെളിയുകയാണ് - ഈയവസ്ഥയല്ലേ ഉണ്ടാവുന്നത്? ഉണ്ടാവേണ്ടതും?
എം.ടി. നമ്മള്‍ കഥയെഴുതുന്നു; കവിതയെഴുതുന്നു. അപ്പോള്‍ നമ്മുടെ ശക്തിയെന്താണ് നമ്മുടെ സൗഭാഗ്യമെന്താണ് എന്നാലോചിച്ചിട്ടുണ്ടോ? നമുക്കൊരു സാങ്കേതിക നിയമവും ബാധകമല്ലാ എന്ന തരത്തില്‍ നമ്മുടെ നിയമങ്ങള്‍ നാം തന്നെ സൃഷ്ടിക്കുന്നു. അത് തന്നെ.
എന്‍.പിForm നെപറ്റിയും themeനെപ്പറ്റിയുമൊക്കെ നിര്‍വചനങ്ങളില്‍ നിന്നും നിരൂപണങ്ങളില്‍നിന്നും നാമൊരുപാട് സംഗതികള്‍ പഠിച്ചിട്ടുണ്ടാവും. ആ സംഗതികള്‍ക്കനുസരിച്ച് കവിതയോ നോവലോ എഴുതാന്‍ പറ്റുമോ? പൊട്ടക്കൃതികളായിരിക്കും അവ.
എം.ടി: Narrative നെ സംബന്ധിച്ചു പറഞ്ഞാല്‍ - ആരും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത സാങ്കേതങ്ങളും ചിലര്‍ ധൈര്യത്തോടെ പരീക്ഷിച്ചിട്ടുണ്ട്. നിഘണ്ടുവിന്‍റെ രൂപത്തിലൊരു നോവല്‍ വന്നിട്ടുണ്ട്. The Dictionary of Khazars അക്ഷരമാലക്രമത്തിലാണ് കാര്യങ്ങള്‍. എല്ലാം കൂടി വായിക്കുന്പോള്‍ കുറേ കഥാപാത്രങ്ങളും ഒരു കഥയും രൂപപ്പെടുന്നു.
ബഷീര്‍: നിങ്ങള്‍ മൂന്നുപേരും സര്‍ഗ്ഗാത്മകസാഹിത്യകാരന്മാരാണ്. നിങ്ങള്‍ക്ക് അങ്ങനെ ചിന്തിക്കാതിരിക്കാന്‍ പറ്റുമോ?
എം.ടി: നമുക്കു സ്വീകാര്യമായ-
എന്‍.പി: ഉചിതമായ-
എം.ടി: ഏതു വിഷയവും ഏതു ഫോമും സ്വീകരിക്കുക എന്നതാണ് ചെയ്യാവുന്നത്.
ഒ.എന്‍.വി: form ഇന്നതരത്തിലായില്ലല്ലോ എന്ന് വേവലാതിപ്പെടാതിരിക്കുക.
എം.ടി: ഏറ്റവും വലിയ വെല്ലുവിളിയായി എനിക്കു തോന്നിയിട്ടുള്ളത് ഫോം ഇല്ലാത്ത ഒരു ഫോം ഉണ്ടാക്കുകയാണ്. അതത്ര എളുപ്പമല്ല!
ബഷീര്‍: അത് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരണം.
എം.ടി: എഴുത്തുകാരന് മൂന്ന് മുഖ്യപ്രശ്നങ്ങളാണുള്ളത്. ഒന്ന്, ആവശ്യമായ പുതിയ സാമഗ്രികള്‍ ശേഖരിക്കുക. കീഴടക്കുക എന്നതുതന്നെ. തന്‍റെ ക്രാഫ്റ്റില്‍ അവയൊരുക്കുക - എളുപ്പമല്ല അത്. മൂന്നാമത്തേത് ഈ ജീവിത കോലാഹലങ്ങളുടെ മദ്ധ്യത്തിലാണ് കവിയോ കാഥികനോ എഴുതുന്നത്. ചുറ്റുമുള്ള കോലാഹലങ്ങളോടു മത്സരിച്ചുകൊണ്ടാണ് നാം നമ്മുടെ ചെറിയ ശബ്ദം കേള്‍പ്പിക്കുന്നത്. ഉപഭോക്കൃതസംസ്കാരത്തിന്‍റെയും, വാണിജ്യവല്‍ക്കരണത്തിന്‍റെയും കറപുരണ്ട, കരിപുരണ്ട കാലത്തിന്‍റെ ചുമരിന്മേലാണ് നാം നമ്മുടെ അക്ഷരങ്ങള്‍ കുറിച്ചിടുന്നത്. സമൂഹത്തിലെ പലേ ശബ്ദജാലങ്ങള്‍ക്കുമിടയില്‍ എഴുത്തുകാരന്‍ അവന്‍റേതായ ശബ്ദം വേറിട്ടു കേള്‍പ്പിക്കുന്നു. അത് കേള്‍പ്പിക്കുവാന്‍ കഴിയുക എന്നതാണ് മൂന്നാമത്തെ പ്രശ്നം.
എന്‍.പി: അതിനയാള്‍ക്ക് idiosyncrasy (പ്രത്യേകമായൊരു മനോഘടന) ഉണ്ടായിരിക്കണം. അല്ലെങ്കില്‍, "പാത്തുമ്മായുടെ ആട്' പോലെ ഒരു കൃതിയുണ്ടാവുന്നതെങ്ങനെ? എഴുത്തുകാരന്‍റെ ഈ പ്രത്യേക മനോഘടനയനുസരിച്ച് രൂപപ്പെടുന്നതാണ് അയാളുടെ കൃതിഘടന- ഒ.എന്‍.വിയെ സംബന്ധിച്ചും "ഉജ്ജയിനി:യെ സംബന്ധിച്ചുമുള്ള വസ്തുത അതാണ്. ഞാനിതിനെ ഒരു കാവ്യസൃഷ്ടി എന്നു വിളിക്കുന്നു.
എം.ടി: സൃഷ്ടിയാണ് എന്നതാണ് പ്രധാനം. ഒരു സൃഷ്ടി- ഒരു creative work.