ഉജ്ജയിനിയെകുറിച്ച് ചര്‍ച്ച

ബഷീര്‍,എംടി ,എന്‍ പി, ഓഎന്‍ വി

WEBDUNIA|
2001
ഒ.എന്‍.വി., എന്‍.പി. മുഹമ്മദ്, എം.ടി. വാസുദേവന്‍ നായര്‍, എം.എം. ബഷീര്‍ എന്നിവര്‍ ഉജ്ജയിനിയെക്കുറിച്ച് സംസാരിക്കുന്നു. (ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഒ.എന്‍.വി.യുടെ "തെരഞ്ഞെടുത്ത കവിതകളി'ല്‍ നിന്ന്. )

ഒ.എന്‍.വി: പറയാനെന്തോ ഉണ്ടാവുക എന്നിടത്തുനിന്നാണെല്ലാം തുടങ്ങുന്നത്. അപ്പോള്‍ മനസ്സിലുണ്ടാകുന്ന തോന്നലുകളെല്ലാം ചേര്‍ന്ന് ഒരു ലായിനിയുണ്ടാകുന്നു. പിന്നെ ഉയര്‍ന്ന താപനിലയില്‍ ജലാംശം പോയി പരല്‍രൂപം തെളിയുന്നതുപോലെയാണ് മനസ്സില്‍ രൂപത്തെപ്പറ്റിയുള്ള ധാരണ ഉറഞ്ഞുകൂടുന്നത്. കല്പിതകഥയാണ് സംസ്കൃതത്തില്‍ ആഖ്യായിക.

എന്‍.പി: എനിക്ക് തോന്നിയിട്ടുള്ളത്, ആധുനികനോവലിന്‍റെ സങ്കല്പമാണ് കൃതിയിലുള്ളതെന്നാണ്.

ഒ.എന്‍.വി: ഇതിവൃത്തം പഴയതാണ്.

എന്‍.പി: കസാന്‍ദ്സാക്കീസിന്‍റെ "ഒഡീസി'യെപ്പറ്റി പറഞ്ഞല്ലോ. അത് വലിയൊരു കാവ്യമാണ്. എന്നാല്‍ The Last Temptation of Christ പോലുള്ള നോവലുകളുണ്ടല്ലോ - പഴയ ഇതിവൃത്തമുള്ളവ.

എം.ടി.: അതൊക്കെ കലാസൃഷ്ടിയെന്ന നിലയ്ക്ക് സമകാലികവുമാണ്.

എന്‍.പി: സമകാലികമാവുന്നതിന്‍റെ പിറകില്‍ വലിയൊരു യുക്തിയുണ്ട്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മാനസികമായ പ്രതിസന്ധികളുടെ അടിസ്ഥാനഭാവം എക്കാലത്തും സമാനമാണ്.

ബഷീര്‍: സ്പാര്‍ട്ടക്കസ് പോലെ, യയാതിപോലെ.........

എം.ടി : ഇന്നത് മഹാകാവ്യം, ഇന്നത് ഖണ്ഡകാവ്യം അല്ലെങ്കില്‍ നോവല്‍, "നോവെല്ലാ'- ഇതൊക്കെ നമ്മള്‍ സൗകര്യത്തിനു പറയുന്നതല്ലേ?

എന്‍.പി: ജീവിതത്തിന്‍റെ പരിച്ഛേദങ്ങളെടുത്തവതരിപ്പിക്കുന്ന കലാശില്പങ്ങള്‍ എന്നു പൊതുവേ പറയാം. "ഉജ്ജയിനി'യില്‍ ജീവിതത്തിന്‍റെ ഒരു വലിയ കാന്‍വാസ് ഉപയോഗിച്ചിരുന്നു എന്നതാണ് എനിക്കു തോന്നുന്ന പ്രത്യേകത.

എം.ടി: ജീവിതം വലിയൊരു കാന്‍വാസില്‍, ഒരു വലിയകൃതി.

എന്‍.പി: അതിമനോഹരമായ ഒരു മാനുഷികകഥയിലൂടെ സ്വയം രൂപപ്പെടുന്ന കവിതയാണിത്. മാനുഷികതയുടെ അടരുകളൊക്കെ ഭംഗിയായി വന്നിട്ടുണ്ട്.

ബഷീര്‍: വിരസമായ മുഹൂര്‍ത്തങ്ങളോ, രസശുഷ്കമായ വിവരണങ്ങളോ കടന്നുകൂടിയിട്ടില്ലിതില്‍ - ഇടതൂര്‍ന്ന കവിതയാണിത്.

എം.ടി: നമ്മള്‍ ചെറിയചെറിയ കവിതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഏറെക്കാലം നിലനില്ക്കുന്ന, ആഴത്തില്‍ സ്പര്‍ശിക്കുന്ന() ഒരു അനുഭവം ഉണ്ടാവാന്‍ ഇത്തരം വലിയ കാവ്യങ്ങള്‍ വരണം എന്ന് ഓയെന്‍വിക്ക് തോന്നിയതുകൊണ്ടാണോ.....?

ഒ.എന്‍.വി: തീര്‍ച്ചയായും. ജീവിതത്തിന്‍റെ ഇടവഴികളില്‍ കണ്ട ഇത്തിരിപ്പൂവിനെപ്പറ്റിയും വളപ്പൊട്ടുകളെപ്പറ്റിയും കൈവെള്ളയിലെടുത്തു വച്ച മുത്തിനെപ്പറ്റിയുമൊക്കെ എത്രയോ എഴുതി. അപ്പോള്‍ കവിതയെ രാജരഥ്യകളിലേക്ക് കൊണ്ടു പോകണമെന്നൊരു തോന്നല്‍-.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :