മുഖ്യമന്ത്രിയെ ഞായറാഴ്ചയും പ്രഖ്യാപിക്കില്ല; പ്രതിസന്ധി രൂക്ഷം, വിട്ടുകൊടുക്കാതെ വേണുഗോപാൽ
63 കോൺഗ്രസ് എംഎൽഎമാർക്കിടയിൽ നാൽപതിലേറെ പിന്തുണ കെസിക്കുണ്ട്
വി.ഡി.സതീശനു മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാൻ കെ.സി.വേണുഗോപാൽ തയ്യാറല്ല. സ്വയം മാറിനിൽക്കാൻ വേണുഗോപാലിനോടു ഹൈക്കമാൻഡ് ആവശ്യപ്പെട്ടെങ്കിലും ഫലംകണ്ടില്ല. പ്രചരണം നയിച്ചതിൽ തന്റെ പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിനു അർഹനെന്നുമാണ് വേണുഗോപാൽ പറയുന്നത്.
63 കോൺഗ്രസ് എംഎൽഎമാർക്കിടയിൽ നാൽപതിലേറെ പിന്തുണ കെസിക്കുണ്ട്. വിരലിലെണ്ണാവുന്ന എംഎൽഎമാരുടെ പിന്തുണ മാത്രമാണ് വി.ഡി.സതീശനുള്ളത്. എംഎൽഎമാരുടെ പിന്തുണ മാത്രം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാവുന്ന അവസ്ഥയല്ല കേരളത്തിൽ ഉള്ളതെന്ന് ഹൈക്കമാൻഡ് നിരീക്ഷകസംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ അറിയിച്ചു.
ജനവികാരം കെ.സിക്ക് എതിരാണെന്ന് ഹൈക്കമാൻഡ് മനസിലാക്കിയിട്ടുണ്ട്. വി.ഡി.സതീശനായി കോൺഗ്രസ് പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധം തുടരുകയാണ്. പാർട്ടി അണികൾക്കിടയിലും പൊതുസമൂഹത്തിലും സതീശൻ മുഖ്യമന്ത്രിയാകണമെന്ന പൊതുവികാരമുണ്ട്. മുഖ്യമന്ത്രിപദമല്ലാതെ മറ്റൊന്നും വേണ്ടെന്ന നിലപാട് സതീശൻ സ്വീകരിച്ചാൽ പ്രതിസന്ധിയുണ്ടാകും.