വേണുഗോപാൽ മുഖ്യമന്ത്രിയാകണം, ഉപതിരഞ്ഞെടുപ്പിനു കാശ് ചെലവായാലും കുഴപ്പമില്ല: ടി.പത്മനാഭൻ
തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള രണ്ട് നേതാക്കളാണ് കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും
KC Venugopal and T Padmanabhan
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലിനെ പിന്തുണച്ച് എഴുത്തുകാരൻ ടി.പത്മനാഭൻ. നാടിന്റെ നല്ലതിനു കെ.സിയാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് പത്മനാഭൻ പറഞ്ഞു.
തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള രണ്ട് നേതാക്കളാണ് കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും. രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ടെങ്കിലും വി.ഡി.സതീശനുമായി അത്ര പരിചയമില്ല. ഇപ്പോൾ ഉള്ള മൂന്ന് പേരിൽ മുഖ്യമന്ത്രിയാകാൻ ഞാൻ പിന്തുണയ്ക്കുന്നത് കെ.സി.വേണുഗോപാലിനെയാണ്. സ്വന്തം നാട്ടുകാരൻ ആയതുകൊണ്ട് മാത്രമല്ല, വേണുഗോപാലിനു അതിനുള്ള യോഗ്യതയുണ്ടെന്നും പത്മനാഭൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുമായുള്ള കെ.സിയുടെ അടുപ്പവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പിന്തുണയ്ക്കാനുള്ള കാര്യമായി പത്മനാഭൻ പറയുന്നു. ദേശീയ രാഷ്ട്രീയത്തെ ഭാവിയിൽ നയിക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. വേണുഗോപാലിന് രാഹുൽ ഗാന്ധിയുമായി വളരെ അടുത്ത ബന്ധമുണ്ട്. വേണുഗോപാൽ മുഖ്യമന്ത്രിയാകുമ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിൽ തെറ്റില്ല. സംസ്ഥാനത്തിന്റെ നന്മയ്ക്കു വേണ്ടി കുറച്ച് കാശ് ചെലവഴിക്കുന്നത് പ്രശ്‌നമായി കാണേണ്ടതില്ലെന്നും പത്മനാഭൻ പറഞ്ഞു.