Rahul Mankoottathil: 'രാഹുൽ മാങ്കൂട്ടത്തിൽ വിചാരിച്ചാൽ 10 കോൺഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കും'; കെപിസിസി പ്രസിഡന്റിന് ഭീഷണി
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിചാരിച്ചാൽ കുറഞ്ഞത് 10 കോൺഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയയുടെ എറണാകുളം ജില്ലാ മുൻ ചുമതലക്കാരൻ. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റൽ മീഡിയ ടീമംഗങ്ങളാണ് ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് കോൺഗ്രസ് വൈറ്റില ബ്ലോക്ക് സെക്രട്ടറി കൂടിയായ പി വി ജെയിൻ കെപിസിസി പ്രസിഡന്റിന് പരാതി അയച്ചു.
മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തിൽ കുറിപ്പ് ഇട്ടപ്പോഴായിരുന്നു ഭീഷണിയെന്നും പരാതിയിൽ പറയുന്നു. പിന്നാലെ, ഡിജിറ്റൽ മീഡിയയുടെ ജില്ലാ ചുമതലയിൽ നിന്ന് ഒഴിവാക്കിയതായും പരാതിയിൽ ആരോപിക്കുന്നു. വിഷയത്തിൽ നേതൃത്വത്തെ പിന്തുണച്ച് കുറിപ്പ് ഇടുമ്പോൾ ആർക്കാണ് വിഷമമുണ്ടാകുന്നതെന്ന് കെപിസിസി അന്വേഷിക്കണമെന്നും ജെയിൻ പരാതിയിൽ ആവശ്യപ്പെട്ടു.
മാങ്കൂട്ടത്തിലിനെ അനുകൂലിക്കാത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ ഔദ്യോഗിക ഡിജിറ്റൽ മീഡിയ സംഘം തന്നെയാണ് സൈബർ ആക്രമണം നടത്തുന്നത്. ജിജോ മാത്യു, സന്ദീപ് വാഴക്കാടൻ, റെനേഷ് തുരുത്തിക്കാടൻ തുടങ്ങിയവർ അതിനായി വ്യാജ ഫെയ്സ്ബുക്ക് ഐഡികൾ ഉപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു.
പാർട്ടിക്ക് ഗുണകരമാകുന്ന കാര്യങ്ങളല്ല ഇവർ ചെയ്യുന്നത്. ചില നേതാക്കളെ സുഖിപ്പിക്കാൻ അവരുടെ പടംവച്ചുള്ള പോസ്റ്റുകൾ മാത്രമാണ് അവർ ഇറക്കുന്നത്. പല നേതാക്കൾക്കും ഇതൊക്കെ അറിയാം. എന്നിട്ടും മിണ്ടാതിരിക്കുന്നത്, ഇവർ അവർക്കുവേണ്ടിയും പണം വാങ്ങിയതുകൊണ്ടാണോ എന്നും ജെയിൻ പരാതിയിൽ ചോദിക്കുന്നു.