കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന മോഷണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത. വിലപിടിപ്പുള്ള നിരവധി ആഭരണങ്ങള്‍ കാണാതായതിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം കൊട്ടാരത്തിന്റെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും പരിചയമുള്ള ഒരാളായിരിക്കാം മോഷണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചുകയറി അലമാരയുടെ അറയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്. ഇത് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് മുന്‍കൂട്ടി അറിവുള്ളതിന്റെ സൂചനയാണ്.
കോടിക്കണക്കിന് രൂപയുടെ പരമ്പരാഗതവും വജ്രങ്ങള്‍ പതിച്ചതുമായ നിരവധി ആഭരണങ്ങള്‍ മോഷണം പോയി. അവയില്‍ പലതും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാണ്. സമീപ മാസങ്ങളില്‍ കൊട്ടാരം സന്ദര്‍ശിച്ച വ്യക്തികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടാകാനുള്ള സാധ്യതയും പരിശോധിച്ചുവരികയാണ്. ചോദ്യം ചെയ്യല്‍ വളരെ സൂക്ഷ്മമായി നടത്തണമെന്നും അവിടെയുള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും കൊട്ടാരം അധികൃതര്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയതായി റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നതെങ്കിലും കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.
വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി തിരുവിതാംകൂര്‍ രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി ആദ്യം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയും പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുകയും ചെയ്തു. പ്രാഥമിക നഷ്ടം ഏകദേശം 2 കോടി രൂപയാണെന്നാണ് പോലീസ് കണക്കാക്കുന്നത്. നഷ്ടപെട്ട വസ്തുക്കളുടെ ശരിയായ ലിസ്റ്റു വരുമ്പോള്‍ ഇതില്‍ മാറ്റം വന്നേക്കാം.