മഹാരാജാസ് കോളേജിലെ മന്ത്രിയ്‌ക്കെതിരായ പ്രതിഷേധം: യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്‌സണും സസ്‌പെൻഷൻ
കഴിഞ്ഞ ഒക്ടോബര്‍ 30-ന് കോളേജില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് നേരെ എസ്.എഫ്.ഐ (SFI) പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്.
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കോളേജ് അധികൃതര്‍. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രണീല്‍ രാജ്, വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയ എന്നിവരെ പത്ത് ദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 30-ന് കോളേജില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് നേരെ എസ്.എഫ്.ഐ (SFI) പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്.
ബിരുദദാന ചടങ്ങില്‍ നാടകീയ രംഗങ്ങള്‍
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ 16 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടിയെച്ചൊല്ലിയാണ് ബിരുദദാന ചടങ്ങില്‍ മന്ത്രിയും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായത്. ബിരുദദാന ചടങ്ങിനിടെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ വിഷയം ഉന്നയിച്ച് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയ മന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. പരിപാടിക്ക് ശേഷം മറുപടി നല്‍കാം എന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രിക്ക് ഭയമാണോയെന്ന് മിസ്രിയ തിരികെ ചോദിച്ചു. ഇതിന് പിന്നാലെ 'കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല' തുടങ്ങിയ പ്ലാക്കാര്‍ഡുകളുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളഞ്ഞിരുന്നു. സുരക്ഷാ ജീവനക്കാര്‍ മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചത് പ്രതിഷേധം രൂക്ഷമാക്കിയിരുന്നു.
രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന് എസ്.എഫ്.ഐ
യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെയെടുത്ത സസ്പെന്‍ഷന്‍ നടപടിയെ രാഷ്ട്രീയപരമായി തന്നെ ചെറുക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. കാലടി സര്‍വ്വകലാശാലയിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന മന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും, സര്‍വ്വകലാശാലയുടെ പ്രോ-ചാന്‍സലര്‍ പദവി വഹിക്കുന്ന മന്ത്രിക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ വിഷയത്തില്‍ സംസ്ഥാനവ്യാപകമായി കടുത്ത ചോദ്യങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്താനാണ് സംഘടനയുടെ തീരുമാനം.
