'മൂന്ന് പേർ ഒരു ബൈക്കിൽ, പിന്നാലെ വേറെ സുഹൃത്ത് വന്നതിൽ ദുരൂഹത'; മരിച്ചവരെ സംശയത്തിൽ നിർത്തി സുഹൈലിന്റെ അഭിഭാഷകൻ
Suhail - Nedumbassery Case
നെടുമ്പാശേരി വാഹനാപകടത്തിൽ കൊല്ലപ്പെട്ട മൂന്ന് പേർക്കെതിരെ വിചിത്ര വാദങ്ങളുമായി പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ. മുഖ്യപ്രതി സുഹൈലിന് ജാമ്യത്തിനായി വാദിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടവരെ സംശയനിഴലിലാക്കി പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ.
മൂന്ന് പേർ ഒന്നിച്ച് !
സുഹൈലിനെതിരെ 105-ാം വകുപ്പ് പ്രകാരം നരഹത്യ കുറ്റം ചുമത്തിയിരിക്കുന്നത് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്‌സാക്ഷി പോലും ഇല്ലാത്ത കേസിൽ തുടക്കത്തിൽ എഫ്.ഐ.ആർ ഇട്ടപ്പോൾ തന്നെ 105-ാം വകുപ്പ് ചേർത്തത് ദുരൂഹമെന്ന വിചിത്രവാദമാണ് പ്രതിഭാഗം ഉയർത്തിയത്.
കൊല്ലപ്പെട്ട മൂന്ന് പേർ ഒരു സ്‌കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വന്നതിൽ ദുരൂഹതയുണ്ട്. മൂന്ന് പേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകൾ സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
പ്രതിയുടെ സ്വകാര്യത ലംഘിച്ചു !
പ്രതിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരണങ്ങൾ നടന്നെന്നും പ്രതിഭാഗം വാദിച്ചു. മുൻപൊരിക്കലും ചെറുപരാതി പോലും ഒന്നാം പ്രതിക്കെതിരെ ഇല്ലാതിരുന്നിട്ടും തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ആളാണെന്ന് മുദ്രകുത്തി. അപകടം നടന്നപ്പോൾ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയില്ല. ഒന്നാം പ്രതിയുടെ കുടുംബത്തിന് നേരെ വലിയ തോതിൽ സൈബർ ആക്രമണം നടക്കുകയാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പിതാവ് രക്ഷിക്കുമെന്ന് പറയുന്നതായി വ്യാപകമായി പ്രചരിച്ചു. അങ്ങനെയെങ്കിൽ അപകടം നടന്നിടത്തു നിന്ന് പ്രതി ഓടിപ്പോകുമായിരുന്നല്ലോ, വേഗം തെളിയിക്കുന്ന രേഖകളൊന്നും പൊലീസിന്റെ കൈയിൽ ഇല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
ജാമ്യമില്ല
അതേസമയം സുഹൈലിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ കഴിഞ്ഞ ദിവസം രണ്ടരമണിക്കൂർ നേരത്തെ വാദം കേട്ടിരുന്നു. കേസിലെ മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. Also Read: 'ഭരിക്കാൻ അത്ര എളുപ്പമല്ല'; വകുപ്പിനെ പഴിച്ച് മുരളീധരൻ, അടപടലം പാളി യുഡിഎഫ് മന്ത്രിസഭ
