ഇതിലും നല്ല സന്ദർഭം ഇനിയില്ല, അവരെ ഈ നാട്ടിൽ നിന്നും ഓടിക്കണം; അന്യ സംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്ന് രാജസേനൻ

അനു മുരളി| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2020 (13:50 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗൺ ആയതിന്റെ പശ്ചാത്തലത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ കഴിയാതെ വന്ന അന്യ സംസ്ഥാന തൊഴിലാളികളെ വളരെയധികം ശ്രദ്ധയോട് കൂടിയാണ് സംസ്ഥാന സർക്കാർ പരിരക്ഷിക്കുന്നത്. അവർക്കാവശ്യമായ വെള്ളവും ഭക്ഷണവും എത്തിക്കുന്നതിൽ സർക്കാർ മുന്നിട്ട് നിൽക്കുന്നു.

ഇതിനിടയിൽ വിദ്വേഷ പ്രസ്താവനയുമായി സംവിധായകന്‍ രാജസേനന്‍. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ പുറത്താക്കണമെന്നും അവര്‍ നാടിന് ആപത്താണെന്നും രാജസേനന്റെ കണ്ടുപിടുത്തം. പായിപ്പാട് നടന്ന പ്രതിഷേധം ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽൽ നിന്നും ഓടിക്കാൻ ഇതിലും മികച്ച അവസരം വേറെ കിട്ടാൻ ഇല്ലെന്നും പറയുന്നു.

ഇവരെ നാട്ടില്‍ നിന്നും ഓടിക്കണമെന്നും മുഖ്യമന്ത്രി ഇതൊരു അപേക്ഷയായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞത് അനുസരിച്ച് മലയാളി എല്ലാം സഹിച്ച് 21 ദിവസം വീട്ടിനുള്ളില്‍ ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്. അവരെ നമ്മള്‍ മുമ്പ് വിളിച്ചിരുന്നത് അന്യ സംസ്ഥാന തൊഴിലാളികളെന്നായിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ അതിഥി തൊഴിലാളികളായി മാറിയെന്നും രാജസേനന്‍ പറയുന്നു.

ഇവരെ മറ്റ് ചില കാര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല മറ്റെന്തോ ആണെന്നും സംവിധായകന്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍ ജോലിക്ക് വന്നതോടെ കേരളത്തിലെ ഹോട്ടലുകള്‍ വൃത്തിഹീനമായെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയോട് തനിക്കൊരു അപേക്ഷയുണ്ട്. ഇവരെ ഇവിടെ നിന്നും പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. ദയവായി പുറത്താക്കൂ, ഈ അന്യസംസ്ഥാന തൊഴിലാളികല്‍ നാടിന് ആപത്താണെന്ന് പല വേദികളും പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ സത്യമായി കൊണ്ടിരിക്കുകയാണെന്നും രാജസേനന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും രാജസേനൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :