വീണ്ടും കോടിയേരി ചോദിക്കുന്നു, ‘കേരള കോണ്‍ഗ്രസ് യുഡി‌എഫില്‍ തുടരണോ?‘

തിരുവനന്തപുരം| Last Updated: വ്യാഴം, 7 ഓഗസ്റ്റ് 2014 (16:25 IST)
കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടും ഉമ്മന്‍ചാണ്ടിയുടെയും കേരളത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും എതിര്‍പ്പ് കാരണമാണ് കേരള കോണ്‍ഗ്രസിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. കോണ്‍ഗ്രസുമായുള്ള കേരള കോണ്‍ഗ്രസിന്റെ മുന്നണിബന്ധം ധൃതരാഷ്ട്ര ആലിംഗനം പോലെയായി. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഉന്നയിച്ച അവകാശവാദത്തിനപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാവുമോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഫെഡറല്‍ തത്വങ്ങള്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന ബന്ധത്തില്‍ നിലപാടുകള്‍ സ്വീകരിച്ച പാര്‍ടിയായിരുന്നു കേരള കോണ്‍ഗ്രസ്. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ നിലപാടെടുത്ത പാര്‍ടിയായിരുന്നു ഒരു കാലഘട്ടം വരെ കേരള കോണ്‍ഗ്രസ്. പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളേജ് തുടങ്ങി പ്രഖ്യാപിച്ച റെയില്‍വേ പദ്ധതികള്‍ നടപ്പാക്കാനോ പുതിയ സോണ്‍ അനുവദിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. പുതിയ റെയില്‍വേ ലൈനുകളും കൂടുതല്‍ ട്രെയിനുകളും അനുവദിക്കണമെന്ന ആവശ്യത്തോട് തികച്ചും നിഷേധാത്മകനിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനും ഇതേ സമീപനമായിരുന്നു.
 
കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്നുനിന്ന് കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചാല്‍ അത് അപഹാസ്യമായിരിക്കും. റബര്‍ ഇറക്കുമതിയുടെ ഫലമായി റബറിന്റെ വില ഗണ്യമായി ഇടിഞ്ഞു. ഒരുകിലോ റബറിന് 243 രൂപ ലഭിച്ച സ്ഥാനത്ത് ഇന്ന് 130 രൂപപോലുമില്ല. ഇത് റബര്‍ കൃഷിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നയമാണ് ഇതിന് കാരണമായത്. കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്ന് ഈ പ്രശ്നം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിക്കുമോ? ഇടുക്കിയിലെ മലയോര കൈവശ കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം മൂന്ന് വര്‍ഷമായിട്ടും നടപ്പായിട്ടില്ല. നീറിപ്പുകയുന്ന കര്‍ഷകരോഷം പൊട്ടിത്തെറിയിലേക്ക് നീങ്ങുമ്പോള്‍ കേരള കോണ്‍ഗ്രസ് ആരുടെ കൂടെ നില്‍ക്കും? റവന്യൂ വകുപ്പ് കൈകാര്യംചെയ്യുന്ന കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒരാത്മാര്‍ഥതയുമില്ലാത്തതുകൊണ്ടാണ് പട്ടയപ്രശ്നം പരിഹരിക്കാനാകാത്തത്. ഇത്തരത്തില്‍ കൃഷിക്കാരെയും കേരളത്തെ പൊതുവിലും ബാധിക്കുന്ന പ്രശ്നങ്ങളില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് എന്താണ് എന്ന കാര്യമാണ് ആ പാര്‍ടി വ്യക്തമാക്കേണ്ടത്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി വിലപേശുന്ന തര്‍ക്കം മാത്രമാണോ ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നത്? അതല്ല, കേരളത്തിന്റെ സാമൂഹ്യ പ്രശ്നങ്ങളില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ സഹായകമായ ഒരു ചര്‍ച്ചയാണോ കേരള കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്?
 
പുനഃസംഘടനകൊണ്ട് രക്ഷിച്ചെടുക്കാവുന്ന അവസ്ഥയിലല്ല ഇന്ന് യുഡിഎഫ്. മുഖ്യകക്ഷിയായ കോണ്‍ഗ്രസില്‍, വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തല രംഗത്തുവന്നു. യുഡിഎഫ് ഘടകകക്ഷിയായി മാറിയ ആര്‍എസ്പി, അരുതാത്തത് സംഭവിച്ചുവെന്നും യുഡിഎഫുമായുള്ള ബന്ധം താല്‍ക്കാലികമാണെന്നും തെറ്റ് തിരുത്തുമെന്നും ദേശീയ കമ്മിറ്റിക്ക് ശേഷം നടത്തിയ വെളിപ്പെടുത്തല്‍ യുഡിഎഫിലെ ശൈഥില്യത്തെയാണ് വ്യക്തമാക്കുന്നത്. ഒരു പാര്‍ലമെന്റ് സീറ്റിനുവേണ്ടി 2009ല്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം കൂടിയ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട നാണംകെട്ട പരാജയത്തെതുടര്‍ന്ന് അപമാനിതമായി നടക്കുന്ന പാര്‍ടിയായി. ജനതാദള്‍ നേരത്തെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതോടെ ഉന്നയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം തെറ്റാണെന്നോ അതില്‍നിന്ന് പിന്മാറുന്നുവെന്നോ കേരള കോണ്‍ഗ്രസിലെ ആരും ഇതുവരെ പറഞ്ഞിട്ടില്ല. ഇങ്ങനെ, യുഡിഎഫിലെ ഓരോ ഘടകകക്ഷിയും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഫലമായി, ഐക്യജനാധിപത്യമുന്നണി ആശയപരമായും സംഘടനാപരമായും പ്രതിസന്ധിയില്‍പെട്ടിരിക്കയാണ്. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പുനഃസംഘടനകൊണ്ട് സാധിക്കുകയില്ല.
 
കടപ്പാട്: ദേശാഭിമാനി
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :