വീണ്ടും കോടിയേരി ചോദിക്കുന്നു, ‘കേരള കോണ്‍ഗ്രസ് യുഡി‌എഫില്‍ തുടരണോ?‘

തിരുവനന്തപുരം| Last Updated: വ്യാഴം, 7 ഓഗസ്റ്റ് 2014 (16:25 IST)
കേരള കോണ്‍ഗ്രസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് ശക്തിപകര്‍ന്ന് വീണ്ടും കോടിയേരിയുടെ നീക്കം. ദേശാഭിമാനിയില്‍ എഴുതിയ 'മാണിഗ്രൂപ്പിന്റെ ആവശ്യവും യുഡിഎഫ് ശൈഥില്യവും' എന്ന ലേഖനത്തിലാണ് ‘കേരള കോണ്‍ഗ്രസ് യുഡി‌എഫില്‍ തുടരണോ?‘ എന്ന ചോദ്യം മുന്നോട്ട് വയ്ക്കുന്നത്. റബര്‍വില തകര്‍ച്ചയും പട്ടയപ്രശ്‌നവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുമായുള്ള ബന്ധം കേരളകോണ്‍ഗ്രസ് തുടരണോ എന്ന് ആലോചിക്കണമെന്ന ചോദ്യവും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കോടിയേരിയുടെ 'മാണിഗ്രൂപ്പിന്റെ ആവശ്യവും യുഡിഎഫ് ശൈഥില്യവും' എന്ന ലേഖനത്തിന്റെ പൂര്‍ണരൂപം:

കെ എം മാണിയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ആവശ്യമുന്നയിച്ചിരിക്കയാണ്. പുനഃസംഘടനയ്ക്ക് മുഖ്യമന്ത്രി മുന്‍കൈയെടുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്ന ഘട്ടത്തിലാണ് ഇത്തരമൊരാവശ്യം ഉയര്‍ന്നത്. കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷമില്ലെന്നും മുന്നണി സംവിധാനത്തില്‍ ഘടകകക്ഷികളുടെകൂടി അഭിപ്രായം കണക്കിലെടുത്താണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കേണ്ടതെന്നും അത്തരമൊരു വരുമ്പോള്‍ അവശേഷിക്കുന്ന ഒന്നരവര്‍ഷം മുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ക്ക് വേണമെന്നുമാണ് അവരുടെ ആവശ്യം. മുന്നണിയില്‍ ഒന്നാമത്തെ കക്ഷി കോണ്‍ഗ്രസ് ആണെങ്കിലും മറ്റ് ഘടകകക്ഷികള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയ പാരമ്പര്യം യുഡിഎഫിനുണ്ട്. സി അച്യുതമേനോന്‍, പി കെ വാസുദേവന്‍നായര്‍, സി എച്ച് മുഹമ്മദ് കോയ എന്നിവരെ മുഖ്യമന്ത്രിയാക്കിയ മുന്നണിയാണ് യുഡിഎഫ്. ആ വിധത്തില്‍ യുഡിഎഫ് പരിഗണിക്കേണ്ട കെ എം മാണിയെ പരിഗണിച്ചില്ല എന്നതാണ് കേരള കോണ്‍ഗ്രസിന്റെ ആക്ഷേപം.

കേരള കോണ്‍ഗ്രസിന് ഒമ്പത് എംഎല്‍എമാരാണ് ഉള്ളത്. ഈ ഒമ്പത് എംഎല്‍എമാരുടെ പിന്തുണകൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നത്. 2011ലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 68ഉം യുഡിഎഫിന് 72ഉം സീറ്റാണ് ഉണ്ടായിരുന്നത്. ആര്‍എസ്പി അന്ന് എല്‍ഡിഎഫിന്റെ ഭാഗമായിരുന്നു. രണ്ട് എംഎല്‍എമാരുള്ള ആര്‍എസ്പി, യുഡിഎഫിന്റെ ഭാഗമായപ്പോള്‍ എല്‍ഡിഎഫിന്റെ അംഗസംഖ്യയില്‍ കുറവുവന്നു. നേരത്തെ എല്‍ഡിഎഫിലുണ്ടായിരുന്ന ഒരംഗം നിയമസഭാംഗത്വം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇപ്പോഴത്തെ കക്ഷിനില എല്‍ഡിഎഫിന് 65, യുഡിഎഫിന് 75 എന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പുനഃസംഘടന ചര്‍ച്ചചെയ്യുമ്പോള്‍ ഞങ്ങളുടെ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്.

ഇത്തരത്തില്‍ വിവിധ കക്ഷികള്‍ വിലപേശുകയും തമ്മിലടിക്കുകയും അധികാരത്തിനു വേണ്ടി യോജിപ്പിലെത്തുകയും ചെയ്യുന്ന അവസരവാദ മുന്നണിയാണ് യുഡിഎഫ്. ആ മുന്നണിയുടെയും സര്‍ക്കാരിന്റെയും നിലനില്‍പ്പ് അവസരവാദ രാഷ്ട്രീയത്തിലാണ്. ജാതിമത ശക്തികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുന്നു; നിരന്തര വിവാദങ്ങളെത്തുടര്‍ന്ന് ഭരണം സ്തംഭിക്കുന്നു. പ്ലസ്ടു കോഴ വിവാദം, ബാര്‍ ലൈസന്‍സ് പുതുക്കല്‍ വിവാദം, പാരിസ്ഥിതിക നിയമം ലംഘിച്ച് വന്‍കിട കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയ പ്രശ്നം, ലോട്ടറി കേസില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധി, കെഎസ്ആര്‍ടിസി പ്രശ്നം, നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നം, ആറന്മുള വിമാനത്താവള വിവാദം, ഐഎഎസുകാര്‍ തമ്മിലുള്ള വിവാദങ്ങള്‍, എംഎല്‍എ ക്വാര്‍ട്ടേഴ്സ് സംഭവം തുടങ്ങി നാനാവിധ പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനം താളംതെറ്റിയ സന്ദര്‍ഭത്തിലാണ് പുനഃസംഘടനാ വിവാദം ഉയര്‍ന്നുവന്നത്.

അമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാര്‍ടിയാണ് കേരള കോണ്‍ഗ്രസ്. അതിന്റെ ഒരു നേതാവിനും ഇതുവരെ മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞിട്ടില്ല. സമാനഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ രൂപംകൊണ്ട പ്രാദേശികപാര്‍ടികളുടെ നേതാക്കളില്‍ പലരും മുഖ്യമന്ത്രിമാരായി. കേരളത്തില്‍ അത് സാധിക്കാതെ പോയത് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ബന്ധംകൊണ്ടാണെന്നാണ് കേരള കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ച. ഇപ്പോള്‍ പുറത്തുവന്ന അവകാശവാദത്തിനുള്ള അടിസ്ഥാനം അതാണ്. 1964ല്‍ രൂപംകൊണ്ട കേരള കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തതയാര്‍ന്ന പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ട്. അധ്വാനവര്‍ഗ സിദ്ധാന്തം മുന്നോട്ടുവച്ച്, കര്‍ഷകരുടെ പാര്‍ടി എന്ന് പ്രഖ്യാപിച്ചാണ് മലയോര കര്‍ഷകരുടെ പിന്തുണ നേടാന്‍ ചില ക്രൈസ്തവ മേലധ്യക്ഷന്മാരുടെ അനുഗ്രഹാശിസ്സുകളോടെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുവന്നത്. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചു. 1977ല്‍ യുഡിഎഫിന്റെ കൂടെ മത്സരിച്ച് 20 സീറ്റ് നേടി. എന്നാല്‍, ഇന്ന് സംയുക്ത കേരള കോണ്‍ഗ്രസിന് നിയമസഭയില്‍ 9 സീറ്റു മാത്രമേയുള്ളൂ. പാര്‍ടിയുടെ പിളര്‍പ്പും കേരള കോണ്‍ഗ്രസിന്റെ തനത്-പതിവുരീതിയായിരുന്നു. 1980ല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിനൊപ്പവും പി ജെ ജോസഫ് യുഡിഎഫിനൊപ്പവുമായിരുന്നു. അന്ന് മാണിക്ക് എട്ടും ജോസഫിന് ആറുമെന്ന നിലയില്‍ 14 സീറ്റ് ലഭിച്ചു. 1982ലും രണ്ടുകൂട്ടര്‍ക്കും ചേര്‍ന്ന് 14 സീറ്റായിരുന്നു. '82 മുതല്‍ കേരള കോണ്‍ഗ്രസ് മാണി, കോണ്‍ഗ്രസ് നയങ്ങള്‍ അതേപടി ഏറ്റുപറയുന്ന പാര്‍ടിയായി മാറിയതോടെയാണ് കേരള കോണ്‍ഗ്രസിന്റെ ബഹുജന സ്വാധീനത്തിന് ഇടിവ് പറ്റിയത്. കോണ്‍ഗ്രസില്‍നിന്ന് വ്യതിരിക്തമായ നിലപാട് സ്വീകരിക്കാന്‍ മാണി കേരള കോണ്‍ഗ്രസിന് പിന്നീട് സാധിച്ചില്ല. കോണ്‍ഗ്രസ് സ്വീകരിച്ച ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളെ അവര്‍ അനുകൂലിച്ചു. കര്‍ഷക താല്‍പ്പര്യത്തിന് സഹായകമാണ് ഈ നയങ്ങളെന്ന് അവര്‍ നിലപാടെടുത്തതോടെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമില്ലാതായി.

നയപരമായി വന്ന ഈ പാളിച്ചമൂലമാണ് കേരള കോണ്‍ഗ്രസിലെ മിക്കവാറും ഗ്രൂപ്പുകള്‍ ഒന്നിച്ചുകൂടിയിട്ടും ന്യായമായ പരിഗണന കോണ്‍ഗ്രസില്‍നിന്ന് ലഭിക്കാത്തത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍ മത്സരിക്കാന്‍ നല്‍കിയ സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു സംഭവിക്കാന്‍ തുടങ്ങി. ഇതിനെ ചോദ്യംചെയ്യാന്‍ സാധിക്കാത്ത അവസ്ഥ കെ എം മാണിക്കും കേരള കോണ്‍ഗ്രസിനും വന്നുചേര്‍ന്നു. 1989ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് യുഡിഎഫ് വിട്ടു. 1991ല്‍ ജോസഫ് എല്‍ഡിഎഫിന്റെ ഭാഗമായി. 2010 വരെ ജോസഫ് എല്‍ഡിഎഫിന്റെ കൂടെയായിരുന്നു. രണ്ടുകൂട്ടരും യോജിച്ച് വിശാല കേരള കോണ്‍ഗ്രസായാല്‍ കൂടുതല്‍ നേട്ടമുണ്ടാകുമെന്ന് കരുതിയാണ് ലയിച്ച് കോണ്‍ഗ്രസിന്റെ കൂടെ കൂടിയത്. പക്ഷേ, മാണി-ജോസഫ്-പി സി ജോര്‍ജ് ഒന്നിച്ചുചേര്‍ന്നിട്ടും ഒമ്പത് സീറ്റ് മാത്രമേ യുഡിഎഫില്‍നിന്ന് ലഭിച്ചുള്ളു. അടുത്തൊരു നിയമസഭാ തെരഞ്ഞെടുപ്പ് വന്നാല്‍ ഈ ഒമ്പത് സീറ്റും നിലനിര്‍ത്താന്‍ കഴിയില്ല എന്നതാണ് യുഡിഎഫിലെ അവസ്ഥ. കേരള കോണ്‍ഗ്രസിനെ ക്രമേണ ഇല്ലാതാക്കി അതിലെ അണികളെ കോണ്‍ഗ്രസിന്റെ ഭാഗമാക്കുക എന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് യുപിഎ മന്ത്രിസഭയില്‍ മുസ്ലിംലീഗിന് പ്രാതിനിധ്യം നല്‍കിയിട്ടും കേരള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയത്.

അടുത്ത പേജില്‍: കേരളകോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത് ഉമ്മന്‍‌ചാണ്ടി!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :