Last Modified ശനി, 19 ജൂലൈ 2014 (08:29 IST)
മുസ്ലിം ലീഗിനെതിരെയുള്ള വീക്ഷണം മുഖപ്രസംഗത്തെ അനുകൂലിച്ച് ദേശാഭിമാനി. വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്ത് തന്നെ എന്ന തലക്കെട്ടിലുള്ള ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ എല്ലാ വകുപ്പുകളിലും അഴിമതിയാണെന്ന് കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ പൊതു അഭിപ്രായമാണ് കോണ്‍ഗ്രസ് മുഖപത്രം പ്രകടിപ്പിച്ചതെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.
മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം ചുവടെ:
കേരളത്തിലെ വിദ്യാഭ്യാസ മേഖല മുസ്ലിംലീഗിന്റെ ഭരണവൈകല്യവും ദുഷ്ടലാക്കും അഴിമതിയും കാരണം ഈജിയന്‍ തൊഴുത്തായി മാറിയെന്നത് ഏതെങ്കിലും ഒരു പത്രത്തിന്റെമാത്രം അഭിപ്രായമല്ല. പൊതുജനങ്ങളുടെ പൊതു അഭിപ്രായമാണ്. ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്ന് ഭരണത്തിന്റെ ചുക്കാന്‍പിടിക്കുന്നു എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷന് തന്നെ തുറന്നുപറയേണ്ടിവന്നു. കോണ്‍ഗ്രസിന്റെ മുഖപത്രം അതിന്റെ മുഖപ്രസംഗത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കാന്‍ നിര്‍ബന്ധിതമായി. അതിന്റെ അര്‍ഥം കോണ്‍ഗ്രസ് മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകളില്‍ ഇതൊന്നും നടക്കുന്നില്ലെന്നല്ല. യുഡിഎഫിലെ ഘടകകക്ഷികള്‍ പരസ്പരം പഴിചാരി ദുര്‍ഭരണത്തിന്റെ ദുര്‍ഗന്ധത്തില്‍നിന്നും ഭരണത്തിനെതിരായ ജനരോഷത്തില്‍നിന്നും ഒറ്റയ്ക്കൊറ്റയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫിനകത്തോ ഘടകപാര്‍ടികള്‍ക്കകത്തോ അഭിപ്രായഐക്യം ഇല്ലാതായിരിക്കുന്നു. ഏറ്റവും ഒടുവില്‍ പ്ലസ് ടു അനുവദിക്കുന്നതിലാണ് അഭിപ്രായവ്യത്യാസം പ്രകടമായത്. മന്ത്രിസഭായോഗം പലതവണ ചേര്‍ന്നിട്ടും യോജിച്ച അഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ല. വിദ്യാലയങ്ങള്‍ അനുവദിക്കുന്നതിലാണ് തര്‍ക്കം. പ്രാഥമിക വിദ്യാലയങ്ങളായാലും സെക്കന്‍ഡറി സ്കൂളായാലും പ്ലസ് ടു ആയാലും കോളേജായാലും കച്ചവടമനോഭാവത്തോടെ പ്രശ്നത്തെ സമീപിച്ചാല്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് ശാസ്ത്രീയമായ സര്‍വേയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്.
എല്‍ഡിഎഫ് ഭരണകാലത്ത് വടക്കന്‍ കേരളത്തില്‍ പ്ലസ് ടു അനുവദിച്ചത് ശാസ്ത്രീയമായ പരിശോധന നടത്തി യഥാര്‍ഥ ആവശ്യം പരിഗണിച്ചാണ്. പുതിയ പ്ലസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് വ്യക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്. വ്യക്തികളെയും സമുദായത്തെയും പരിഗണിച്ചല്ല. അതുകൊണ്ടുതന്നെ ഭരണകക്ഷികള്‍ക്കകത്തോ പുറത്തോ യാതൊരഭിപ്രായവ്യത്യാസവും ഉണ്ടായില്ല. ഇത്തവണ ആവശ്യത്തിലധികം പ്ലസ് ടു സീറ്റുകള്‍ നിലവിലുണ്ടെന്ന കണക്കുകള്‍പോലും ചോദ്യംചെയ്യപ്പെടുകയാണുണ്ടായത്. അതിന്റെ ഫലം നിലവിലുള്ള നിരവധി വിദ്യാലയങ്ങള്‍ അടച്ചുപൂട്ടേണ്ടുന്ന സ്ഥിതിവരും. സര്‍ക്കാരിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മുന്‍കൂട്ടി വിലപറഞ്ഞുറപ്പിച്ച പുതിയ വിദ്യാലയങ്ങളും ബാച്ചുകളും അനുവദിക്കുന്ന അഴിമതി നിറഞ്ഞ രീതി അഭിപ്രായവ്യത്യാസമായി പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിലുള്ള കടിപിടിയായാലും ഇത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്. വിദ്യാഭ്യാസമേഖലയെ ഈജിയന്‍തൊഴുത്താക്കി മാറ്റിയവരെ തിരിച്ചറിഞ്ഞേ മതിയാവൂ.