പ്രഭാരി നിയമനം: കേരളത്തിൽ നിന്നുള്ള നേതാക്കളെ ഒതുക്കിയെന്ന് പരാതി, കേരള ബിജെപിയിൽ അതൃപ്തി
പുതിയ ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റശേഷം ലോകസഭാ തിരെഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പുനസംഘടനയുടെ ഭാഗമായി നടത്തിയ പ്രഭാരി നിയമനത്തില്‍ കേരള ബിജെപിയില്‍ അസ്വസ്ഥത പുകയുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കളെ തീരെ പ്രാധാന്യമില്ലാത്ത സംസ്ഥാനങ്ങളിലാണ് പ്രഭാരികളാക്കിയതെന്നും മുതിര്‍ന്ന നേതാക്കളായ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവരെയെല്ലാം തഴയുകയും ചെയ്തതിലാണ് അമര്‍ഷം. മുന്‍ ഗവര്‍ണറായ കുമ്മനം രാജശേഖരനെയും പരിഗണിച്ചില്ല.
മുന്‍കെന്ദ്രമന്ത്രിയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരന് ദേശീയതലത്തില്‍ പ്രാധാന്യമുള്ള ചുമതല ലഭിക്കുമെന്നായിരുന്നു കേരള ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തവണ ഒരു സംസ്ഥാനത്തിന്റെയും ചുമതല മുരളീധരന് ലഭിച്ചില്ല. മുന്‍ സംസ്ഥാന അധ്യക്ഷനും തെലങ്കാന പ്രഭാരിയുമായിരുന്ന പി കെ കൃഷ്ണദാസിനെയും തഴഞ്ഞു. കെ സുരേന്ദ്രന് പ്രാധാന്യമില്ലാത്ത പുതുച്ചേരിയുടെ പ്രഭാരി ചുമതലയാണ് ലഭിച്ചത്.
കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായ ജോര്‍ജ് കുര്യന് ലക്ഷദ്വീപിന്റെ പ്രഭാരിസ്ഥാനമാണ് ലഭിച്ചത്. അതേസമയം മുന്‍ മുഖ്യമന്ത്രിയായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് നാഗാലാന്‍ഡിന്റെ പ്രഭാരിയും ഗോവയുടെ സഹപ്രഭാരിയുമായും നിയമനം ലഭിച്ചു. പ്രഭാരിമാര്‍ ദേശീയ നിര്‍വാഹകസമിതിയുടെയും ഭാഗമാകും. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനങ്ങളില്‍ അതൃപ്തിയുണ്ടെങ്കിലും ഇതുവരെയും ആരും പരസ്യപ്രതികരണങ്ങള്‍ക്ക് തയ്യാറായിട്ടില്ല.
