കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം
നിര്‍ണായകമായ ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയാണ് കൈകാര്യം ചെയ്യുന്നത്.
നിയമസഭാ തിരെഞ്ഞെടുപ്പ് കഴിഞ്ഞതും കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഒടുക്കം വി ഡി സതീശന് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചെങ്കിലും മന്ത്രിസഭാ രൂപീകരണത്തില്‍ 3 വിഭാഗത്തിനെയും സമന്യയിപ്പിച്ചുകൊണ്ടുള്ള നയമാണ് രൂപീകരിച്ചിട്ടുള്ളത്. ടീമിന്റെ ക്യാപ്റ്റന്‍ വി ഡി സതീശനാണെങ്കിലും കോണ്‍ഗ്രസിന്റെ 11 മന്ത്രിമാരില്‍ 8 പേരും കെസി വേണുഗോപാലിന്റെ അനുയായികളാണ്. നിര്‍ണായകമായ ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയാണ് കൈകാര്യം ചെയ്യുന്നത്.
ആകെയുള്ള 11 മന്ത്രിമാരില്‍ കെ മുരളീധരനും റോജി എം ജോണും മാത്രമാണ് സതീശനോട് ആഭിമുഖ്യമുള്ളവര്‍. ചെന്നിത്തല തന്നോടൊപ്പം നില്‍ക്കുന്ന ഒരാള്‍ക്ക് കൂടി മന്ത്രിസ്ഥാനം നല്‍കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. കെ എ തുളസിയും ഒ ജെ ജനീഷുമാണ് അപ്രതീക്ഷിതമായി മന്ത്രിപട്ടികയിലേക്ക് കടന്നുവന്നത്. പട്ടികവിഭാഗത്തിനും വനിതയ്ക്കും 2 വീതം മന്ത്രിമാര്‍ വേണമെന്ന് എഐസിസി നിര്‍ദേശിച്ചിരുന്നു. മുസ്ലീം വിഭാഗത്തില്‍ ടി സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ പേരും ചര്‍ച്ചയായി. വിഡി സതീശന്‍ ഷാനിമോള്‍ ഉസ്മാനായി വാദിച്ചു.
പാലക്കാട് എം പി വികെ ശ്രീകണ്ഠന്റെ ഭാര്യയായ കെ എ തുളസിയെ മന്ത്രിയാക്കാനായി കെ സി വേണുഗോപാലാണ് വാദിച്ചത്. യുവജനപ്രാതിനിധ്യത്തില്‍ ജനീഷ് വന്നതോടെ വിടി ബല്‍റാമിനായി വാദിച്ചെങ്കിലും സതീശന് പിടി അയക്കേണ്ടതായി വന്നു. ചാണ്ടി ഉമ്മന്റെ പേര് ആദ്യം മുതലെ പ്രചരിച്ചിരുന്നെങ്കിലും നേതൃത്വം കാര്യമായി പരിഗണിച്ചില്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. ലത്തീന്‍ സഭയുടെ പ്രാതിനിധ്യം ആര്‍എസ്പിയുടെ ഷിബു ബേബി ജോണില്‍ ഒതുങ്ങി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിയാകാനായിരുന്നു താല്പര്യമെങ്കിലും സ്പീക്കര്‍ സ്ഥാനം കൊണ്ട് തൃപ്തനാകേണ്ടി വന്നു. ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും തീരുമാനിച്ചു. കോഴിക്കോടില്‍ യുഡിഎഫിന് വന്‍ വിജയം ലഭിച്ചെങ്കിലും ജില്ലയില്‍ നിന്നും ആരെയും പരിഗണിക്കാന്‍ കോണ്‍ഗ്രസിനായില്ല. ലീഗിനും അതിന് കഴിയാതെ വന്നതോടെയാണ് ടേം വ്യവസ്ഥയില്‍ പാറയ്ക്കല്‍ അബ്ദുള്ളയ്ക്ക് അവസരം നല്‍കാന്‍ ലീഗ് തയ്യാറായത്.