കൊച്ചി|
സജിത്ത്|
Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (13:53 IST)
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം സ്വരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി
സിപിഐ മുഖപത്രം ജനയുഗം. കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്ന കഴുതയാണ് സ്വരാജ് എന്ന് 'രക്തക്കൊടിയുടെ വർഗ വികാരത്തണലിൽ മണിവീണ മീട്ടാൻ മോഹിച്ച മാണി!' എന്ന തലക്കെട്ടിൽ ദേവിക എഴുതിയ ലേഖനത്തിൽ പരിഹസിക്കുന്നു. തലയില്‍ ആളു താമസമില്ലാത്ത ആളാണ് സ്വരാജ് എന്ന് ജനയുഗം പറയുന്നു.
ജനയുഗത്തില്‍ വന്ന ലേഖനത്തില്‍ നിന്ന്:
ഇക്കഴിഞ്ഞ ദിവസം ഒരു വിദ്വാൻ പറയുന്നതു കേട്ടു, സിപിഐയുടെ രക്തപതാക തനിക്കു വെറുമൊരു പീറത്തുണിയാണെന്ന്! പട്നയിലെ കുട്ടികൾ കമ്മ്യൂണിസം തങ്ങളുടെ ജീവിതസിദ്ധാന്തമാക്കിയപ്പോൾ ഇയാൾക്ക് സിപിഐയും കമ്മ്യൂണിസവും അജ്ഞാതം. നല്ല കുടുംബത്തിൽ അസുരവിത്തും പിറക്കുമല്ലോ എന്നു സമാധാനിക്കാനൊക്കുമോ? തന്റെ കമ്മ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാഗ്വാ വിളിക്കുമ്പോൾ “കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗർദ്ദഭം” എന്നു പറഞ്ഞാൽ കഴുത അഭിമാനിക്കും; തലയിൽ ആളുതാമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്ന്.
ഇയാൾ ജനിക്കുന്നതിനും തൊട്ടു മുമ്പാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മധുരസൗമ്യദീപ്തമായിരുന്ന സിപിഐ നേതാവ് പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി കേരളം ഭരിച്ചിരുന്നത്. അതിനു ശേഷമുള്ള ചരിത്രം പോലും അറിയാത്ത ഈ കമ്മ്യൂണിസ്റ്റ് ഗർദ്ദഭത്തിന് ഈ നാൽപതാം പക്കത്തും ബുദ്ധിമുളച്ചില്ലെങ്കിൽ ആ തലയിൽ തക്കാളിക്കൃഷി നടത്തുന്നതാവും നന്ന്.
ചെങ്കൊടിയെ പീറത്തുണിയെന്ന് അസഭ്യവർഷം ചൊരിഞ്ഞ ഈ മാർക്ക്സിസ്റ്റ് സാമാജികന്റെ പൂർവചരിത്രവും ഇതിഹാസതുല്യം! മാധ്യമ പ്രവർത്തകരെ പിതൃശൂന്യരെന്നു സെക്രട്ടേറിയറ്റു പടിക്കൽ മൈക്കുവച്ചു പുലയാട്ടു നടത്തിയപ്പോൾ അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനോട് മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചു. അദ്ദേഹം അന്നുപറഞ്ഞ വാക്കുകൾ ഓർമവരുന്നു. “നിങ്ങൾ അതൊന്നും കാര്യമാക്കേണ്ടതില്ല. തന്തയില്ലാത്തവർ മറ്റുള്ളവർക്കും തന്തയില്ലെന്നു പറഞ്ഞു നടക്കുന്നത് ഒരു നാട്ടുനടപ്പല്ലേ!”
ഈ വ്യാജ മാർക്ക്സിസ്റ്റിന്റെ പിതാവ് മുട്ടിലിഴഞ്ഞു പാമ്പിനെപിടിക്കാനോടുന്ന കാലത്ത് സിപിഐയിൽ നിന്ന് ഇറങ്ങിവന്ന് ഇഎംഎസിനും ബി ടി രണദിവെയ്ക്കും പി സുന്ദരയ്യയ്ക്കും ഹർകിഷൻസിങ് സുർജിത്തിനുമൊപ്പം സിപിഎം രൂപീകരിച്ചവരിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാന്ദൻ. ആ അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയൻ മോഡൽ ക്യാപിറ്റൽ പണിഷ്മെന്റ് നടപ്പാക്കണമെന്ന് ആ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിച്ചത്.
അന്ന് പട്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് കുലപതികളിൽ ഒരാളായിരുന്ന എ ബി ബർധൻ ‘ജനയുഗ’ത്തിനു നൽകിയ അഭിമുഖം ഓർമവരുന്നു. സിപിഎം ൽ നിന്ന് സിപിഐയിലേക്കോ മറിച്ചോ വരുന്നവരെ ഹാർദ്ദവമായി സ്വാഗതം ചെയ്യണം. അവർക്ക് ചെങ്കൊടിപുതപ്പിച്ച് തന്നെ വിട നൽകണം. അവർ മൂവർണക്കൊടിയോ കാവിക്കൊടിയോ പുതച്ച് വിടചൊല്ലുന്ന ദുരന്തമുണ്ടാകരുതെന്ന് ബർധൻ പറഞ്ഞതിന്റെ അർഥതലങ്ങൾ അറിയാനുള്ള ഗ്രാഹ്യശക്തിയും ഈ വ്യാജ മാർക്ക്സിസ്റ്റിനില്ലാതെ പോയതുകൊണ്ടാകണമല്ലോ ചെങ്കൊടി പീറത്തുണിയെന്ന് പുലയാട്ടുനടത്തിയത്.
ഉദയം പേരൂരില്‍ സിപിഐഎം വിട്ടുവന്ന വിമതരെ സ്വീകരിച്ച് സിപിഐ ലയനസമ്മേളനം നടത്തിയത് മുതലാണ് എറണാകുളം ജില്ലയില്‍ സിപിഐ-സിപിഐഎം തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. സി.പി.ഐ.എം വിട്ട വിമതര്‍ക്ക് സി.പി.ഐയില്‍ ആഘോഷപൂര്‍വ്വം അംഗത്വം നല്‍കിയതിനെതിരെ എം. സ്വരാജ് രംഗത്തുവന്നതോടെയാണ് സി.പി.ഐയും അദ്ദേഹവും തമ്മിലുള്ള പോര് കടുത്തത്.