വ്യാജ ബാങ്ക് അക്കൌണ്ടിലൂടെ തട്ടിപ്പ്: 2 പേര്‍ പിടിയില്‍

Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (11:55 IST)
വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് എടുത്ത ബാങ്ക് അക്കൌണ്ട് മുഖേന നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു യുവതി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ചാനലിലെ വീഡിയോ എഡിറ്ററായിരുന്ന കണ്ണൂര്‍ സ്വദേശി ജ്യോതി നിര്‍മ്മല്‍ എന്ന 28 കാരിക്കൊപ്പം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ബാലസായ് വീട്ടില്‍ സായ് കിരണ്‍ (29) എന്നയാളുമാണ് പിടിയിലായത്.

സായ് കിരണാണ് ജ്യോതിക്ക് ജമീല മുഹമ്മദ് എന്ന പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചു നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ പെരുമ്പളം സ്വദേശി രഞ്ജിത് എന്ന 34 കാരനെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കതൃക്കടവ് ബാങ്ക് ഓഫ് ബറോഡ ശാഖാ മാനേജരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്ന വ്യവസായിയുടെ അക്കൌണ്ടില്‍ നിന്നാണു ഇവര്‍ പണം തട്ടിയത്. വ്യവസായിയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന രഞ്ജിത് കൈക്കലാക്കിയ ചെക്ക് ലീഫ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. വ്യവസായിയുടെ വ്യാജ ഒപ്പിട്ട് ജമീല മുഹമ്മദ് എന്ന പേരില്‍ അക്കൌണ്ട് ആരംഭിച്ച് ഇതിലൂടെയായിരുന്നു 2.35 ലക്ഷം രൂപ തട്ടിയെടുത്തത്. എസ്.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

വ്യവസായിയുടെ അക്കൌണ്ടില്‍ പണം കുറഞ്ഞത് അന്വേഷിച്ചതോടെയായിരുന്നു തട്ടിപ്പ് വെളിയിലായത്. രഞ്ജിത്തിനെതിരെ ഡ്രീം ജോബ്സ് എന്ന പേരില്‍ ഒരു റിക്രൂട്ട്‍മെന്‍റ് സ്ഥാപനം നടത്തി 11 പേരില്‍ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത കേസ് നിലവിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :