അനില്‍ അക്കരയ്ക്ക് മാനസിക രോഗം, പിണറായി വിജയന്‍ മഹത്തായ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് നേതാവ്; എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

രേണുക വേണു| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (12:13 IST)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥ് പാര്‍ട്ടി വിട്ടു. ഡി.സി.സി. പുനഃസംഘടനയില്‍ എതിര്‍പ്പ് പരസ്യമാക്കിയാണ് ഗോപിനാഥ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. അരനൂറ്റാണ്ടോളമുള്ള കോണ്‍ഗ്രസ് ബന്ധം താന്‍ ഉപേക്ഷിക്കുകയാണെന്ന് ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയെ ഗോപിനാഥ് രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി വിടരുതെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനെ കണക്കിനു പരിഹസിച്ചാണ് ഗോപിനാഥിന്റെ മറുപടി. അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാന്‍ ആരുടേയും എച്ചില്‍ നക്കാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്ന് എ.വി.ഗോപിനാഥ് പറഞ്ഞു. ഡിസിസി പ്രസിഡന്റും കെപിസിസി ഭാരവാഹിയും അടക്കമുള്ള പദവികള്‍ പാര്‍ട്ടി നല്‍കിയിട്ടും വീണ്ടും എന്തിനാണ് ഡിസിസി പ്രസിഡന്റ് ആകുവാന്‍ ഗോപിനാഥ് ശ്രമിക്കുന്നതെന്നും അനില്‍ അക്കര വിമര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ഗോപിനാഥ് പുകഴ്ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാണെന്നും എ.വി.ഗോപിനാഥ് പറഞ്ഞു. പിണറായി ചങ്കൂറ്റമുള്ള നേതാവാണെന്നും ജനങ്ങളാണ് അദ്ദേഹത്തെ അധികാരത്തില്‍ എത്തിച്ചതെന്നും തനിക്ക് സിപിഎമ്മുമായി അയിത്തമില്ലെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :