അഭിറാം മനോഹർ|
Last Modified ഞായര്‍, 29 ഓഗസ്റ്റ് 2021 (12:41 IST)
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടിട്ടുള്ള പരസ്യപ്രതികരണങ്ങളിൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചർച്ച നടന്നില്ല എന്ന വാദം തെറ്റാണെന്നും സതീശൻ വ്യക്തമാക്കി.
എല്ലാവരെയും തൃപ്‌തിപ്പെടുത്തി ഒരു പട്ടികയുണ്ടാക്കാൻ സാധിക്കില്ല.. താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല ഇത്. താഴെത്തട്ടിൽ വരെ മാറി മാറി ചർച്ച ചെയ്‌ത് തീരുമാനിക്കപ്പെട്ടതാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ഡിസിസി. ലിസ്റ്റിൽ പെട്ടിതൂക്കികൾ ആരുമില്ലെന്നും അത്തരം വിമർശനങ്ങൾ അംഗീകരിക്കില്ലെന്നും
വിഡി സതീശൻ വ്യക്തമാക്കി.
പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡിസിസി പുനസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ സുധാകരനും ഏറ്റെടുക്കുന്നുവെന്നും അനാവശ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.