ഐആർസിടിസിയുടെ പരിഷ്കരിച്ച വെബ്സൈറ്റ് ഇന്ന് മുതൽ, ഇനി എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം
ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് ഇന്ന് മുതല്‍ ലഭ്യമാകും. യാത്രക്കാരുടെ നിരന്തരമായുള്ള ആവശ്യമായിരുന്നു സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള പുതിയ വെബ്‌സൈറ്റ്. തത്കാല്‍ ബുക്കിങ് സമയത്തുണ്ടാകുന്ന സാങ്കേതിക തടസ്സമായിരുന്നു ഇതിന് കാരണം. തിരക്കേറിയ സമയങ്ങളില്‍ വെബ്‌സൈറ്റ് തകരാറിലാവാതെയിരിക്കാന്‍ സര്‍വര്‍ ശേഷി അടക്കം വര്‍ധിപ്പിച്ചാണ് പുതിയ നടപടി.
പുതിയ വെബ്‌സൈറ്റ് വരുന്നതോടെ ബുക്കിങ് സമയത്തെ സാങ്കേതിക തടസ്സം, പണമിടപാട് പരാജയപ്പടല്‍ എന്നിവയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നേരത്തെ മിനിറ്റില്‍ 32,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാന്‍ പറ്റിരുന്നതെങ്കിലും പുതുക്കിയ വെബ്‌സൈറ്റില്‍ ഇത് ഒന്നര ലക്ഷത്തിലധികമാണ്. ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ആധുനിക ബുക്കിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ നിലവാരത്തിലാണ് വെബ്‌സൈറ്റ് നവീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ കൂടി തിരെഞ്ഞെടുക്കാന്‍ ഇതോടെ അവസരമുണ്ടാകും. സ്ലീപ്പര്‍, എസി 3 ടയര്‍, എസി 2 ടയര്‍ തുടങ്ങി എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരേ സ്‌ക്രീനില്‍ കാണാനാകും. ബുക്കിങ് വേഗത്തിലാക്കാന്‍ കാപ്ച വേരിഫിക്കേഷനും പരസ്യങ്ങളും പോപ് അപ്പുകളും കുറച്ചിട്ടുണ്ട്.