യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കും: ട്രംപ്
നവംബറില്‍ നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രവചിച്ചു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ടെഹ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യു.എസ്. ഏര്‍പ്പെടുത്തുന്ന സാമ്പത്തിക സമ്മര്‍ദ്ദത്തെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ അവര്‍ക്ക് കഴിയില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
'തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ യുദ്ധം അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു, കാരണം അവര്‍ക്ക് ഇനി അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്' -ഡാലസിലെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാനുമായുള്ള ട്രംപിന്റെ യുദ്ധം ഇപ്പോള്‍ ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന് ഉടനടി ഒരു പരിഹാരം ഉണ്ടാകുമെന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. അഞ്ച് ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ അമേരിക്ക മുക്കിയതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിന് സമീപം 10 കപ്പലുകള്‍ ആക്രമിച്ചതായി ബുധനാഴ്ച ഇറാന്‍ അറിയിച്ചു. പുതുതായി പൊട്ടിപ്പുറപ്പെട്ട ഈ സംഘര്‍ഷം എണ്ണവില കുതിച്ചുയരാന്‍ കാരണമായി. ജൂലൈ മാസത്തിന് ശേഷം ആദ്യമായി ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചര്‍ വില ബാരലിന് 100 ഡോളര്‍ കടന്നു.