1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russia Whatsapp ban reports

വാട്സ്ആപ്പ് പൂർണമായും നിരോധിക്കാനൊരുങ്ങി റഷ്യ, ലക്ഷ്യം മറ്റൊന്നെന്ന് മെറ്റ

10 കോടിയിലധികം ഉപയോക്താക്കളുള്ള മെറ്റയെ സര്‍ക്കാര്‍ നിയന്ത്രിത നിരീക്ഷണ ആപ്പാക്കി മാറ്റാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് വാട്‌സാപ്പ് ആരോപിക്കുന്നു.

WhatsApp Meta
റഷ്യന്‍ ഗവണ്‍മെന്റ് വാട്‌സ്ആപ്പിനെ രാജ്യത്ത് നിന്നും പൂര്‍ണമായി തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായി വെളിപ്പെടുത്തി മെറ്റ വക്താവ്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് മെറ്റ ഈ വിവരം വെളിപ്പെടുത്തിയത്. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രചാരണം നല്‍കാനും മെറ്റയെ നിരീക്ഷണ ആപ്പായി മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് റഷ്യന്‍ സര്‍ക്കാരിന്റെ നടപടിയെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. റഷ്യ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 
 10 കോടിയിലധികം ഉപയോക്താക്കളുള്ള മെറ്റയെ സര്‍ക്കാര്‍ നിയന്ത്രിത നിരീക്ഷണ ആപ്പാക്കി മാറ്റാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് വാട്‌സാപ്പ് ആരോപിക്കുന്നു. 2026ല്‍ നടക്കാനിരിക്കുന്ന തിരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ സംശയിക്കുന്നത്.
 
മെറ്റയെ 2022 ല്‍ 'തീവ്രവാദ സംഘടന' എന്ന് റഷ്യ പ്രഖ്യാപിച്ചതിനുശേഷം ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും രാജ്യത്ത് നിരോധിക്കപ്പെട്ടിരുന്നു. വാട്‌സ്ആപ്പ് മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2025 ഓഗസ്റ്റില്‍ വാട്‌സ്ആപ്പിലെയും ടെലിഗ്രാമിലെയും കോളിംഗ് സൗകര്യം തടഞ്ഞതാണ് നിയന്ത്രണങ്ങളുടെ തുടക്കം. നിലവില്‍ 90 ശതമാനത്തിലധികം കണക്ഷന്‍ ശ്രമങ്ങളും പരാജയപ്പെടുന്നുണ്ട്.ബദല്‍ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ റഷ്യ സര്‍ക്കാര്‍ 'മാക്‌സ്' എന്ന ആപ്പ് പ്രചരിപ്പിക്കുകയാണ്. ചൈനയിലെ വീചാറ്റ് പോലുള്ള 'സൂപ്പര്‍ ആപ്പാ'യി രൂപകല്‍പ്പന ചെയ്ത മാക്‌സ്, സന്ദേശവിനിമയത്തിനൊപ്പം ഗവണ്‍മെന്റ് സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എന്‍ക്രിപ്ഷന്‍ ഇല്ലാത്തതിനാല്‍ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് വിമര്‍ശനമുണ്ട്.
 
 ഡിജിറ്റല്‍ പരമാധികാരം എന്ന പേരില്‍ നടത്തുന്ന സെന്‍സര്‍ഷിപ്പാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. തിരഞ്ഞെടുപ്പിനിടെ സ്വതന്ത്രമായ സന്ദേശവിനിമയം തടയാനുള്ള ശ്രമമാണിതെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അമേരിക്ക ഇസ്ലാമാബാദിനെ ടോയ്ലറ്റ് പേപ്പര്‍ പോലെ ഉപയോഗിച്ച് ഉപേക്ഷിച്ചു: ഖ്വാജ ആസിഫ് പ്രസ്താവനയ്ക്ക് പിന്നിലെ കാരണം ഇതാണ്