ജിമ്മിൽ പോവാൻ പ്ലാനുണ്ടോ? ഈ പരിശോധനകൾ നിർബന്ധം
പ്രതിജ്ഞയെടുക്കുന്നതിന് മുൻപ് നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകേണ്ടത് തികച്ചും അനിവാര്യമാണ്
ന്യൂഇയറായി, ഈ വർഷം മുതൽ എന്തായാലും ജിമ്മിൽ പോകണം, ഡയറ്റ് എടുത്ത് ഒന്ന് സെറ്റാവണം - എന്ന പ്രതിജ്ഞയെടുത്തവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇത്തരം പ്രതിജ്ഞയെടുക്കുന്നതിന് മുൻപ് നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകേണ്ടത് തികച്ചും അനിവാര്യമാണ്. ജിമ്മിൽ പോകുന്നതിന് മുൻപ് എടുത്തിരിക്കേണ്ട ചില പരിശോധനകൾ എന്തൊക്കെയാണെന്ന് നോക്കാം.
1. അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ് രക്തത്തിലെ ഉയർന്ന പഞ്ചസാരയും കൊളസ്‌ട്രോളും. എന്നാൽ അമിതഭാരമൊന്നുമില്ലാത്തവരിൽ പോലും മെറ്റബോളിക് ഒബ്‌സിറ്റി വരാമെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. ഇതിനാൽ ബ്ലഡ് ഷുഗറിൻ്റെ മൂന്ന് മാസത്തെ ശരാശരി അളക്കുന്ന എച്ച്‌ബിഎ1സി പരിശോധന ചെയ്‌ത് നോക്കി പ്രീഡയബറ്റീസ് ഘട്ടത്തിൽ അല്ലെന്ന് ഉറപ്പാക്കേണ്ടത് വളരെ അനിവാര്യമാണ്. അതേ പോലെ ടോട്ടൽ കൊളസ്‌ട്രോളിന് പകരം ലിപിഡ് പ്രൊഫൈൽ എടുക്കുകയും ട്രൈഗ്ലിസറൈഡ് ടു എച്ച്‌ഡിഎൽ അനുപാതം കണ്ടെത്തുകയും വേണം. ഹൃദ്രോഗസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ അഡ്വാൻസ്‌ഡ് ലിപിഡ് പ്രൊഫൈലിന് സാധിക്കും.
2. എനർജറ്റിക്കായിരിക്കാൻ ചായയും കാപ്പിയുമല്ല, ശരീരത്തിന് പോഷകങ്ങളാണ് ആവശ്യം. വൈറ്റമിൻ ഡി, വൈറ്റമിൻ ബി12 എന്നിവയുടെ അപര്യാപ്‌തത വിഷാദം, ബ്രെയ്‌ൻ ഫോഗ്, മൂഡ് മാറ്റങ്ങൾ, എല്ലിന്റെ ദുർബലമായ ആരോഗ്യം എന്നിവയിലേക്ക് നയിക്കാം. ശരീരത്തിലെ അയണിന്റെ കുറവ് മുടികൊഴിച്ചിൽ, നിരന്തരമായ ക്ഷീണം എന്നിവയ്‌ക്ക് കാരണമാകാം. ഇതിനാൽ ഈ പോഷണങ്ങളുടെ അളവ് പരിശോധിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ എടുക്കണം.
3. ഹൃദയത്തിൻ്റെ സുരക്ഷ ജിമ്മിൽ പോകുന്നതിന് മുൻപ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹൈ-സെൻസിറ്റീവിറ്റി സി-റിയാക്ടീവ് പ്രോട്ടീൻ(എച്ച്‌എസ്-സിആർപി) രക്തധമനികളിലെ നീർക്കെട്ടിനെ അളക്കും. ഇത് ഉയർന്ന തോതിലാണെങ്കിൽ ഹൃദയത്തിലെ ധമനികൾ സമ്മർദത്തിലാണെന്ന് മനസ്സിലാക്കാം. കൊളസ്ട്രോൾ കുറവുള്ളവരിലും ഇത് കൂടുതലാകാൻ സാധ്യതയുണ്ടെന്നതിനാൽ തന്നെ ശ്രദ്ധ ഏറെ അത്യാവശ്യമാണ്.
4. 40ന് മുകളിലുള്ള സ്‌ത്രീകൾ സ്‌തനാർബുദ സാധ്യത നിർണ്ണയിക്കാൻ മാമോഗ്രാം പരിശോധനയും ലൈംഗികമായി സജീവമായിരിക്കുന്ന സ്‌ത്രീകൾ ഗർഭാശയമുഖ അർബുദത്തിന്റെ സാധ്യത അറിയാനായി പാപ് സ്‌മിയർ പരിശോധന നടത്തുന്നത് നന്നായിരിക്കും. 45 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ പ്രോസ്‌റ്റേറ്റ് അർബുദം നേരത്തെ കണ്ടെത്താൻ പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജൻ(പിഎസ്‌എ) പരിശോധന എടുത്ത് നോക്കണം.