അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ജനുവരി 2026 (16:17 IST)
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ലിവര്‍. സ്‌നേഹം വരുമ്പോള്‍ നമ്മള്‍ പ്രിയപ്പെട്ടവരെ കരളെ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും നമ്മുടെ കരളിന് സത്യത്തില്‍ ആ സ്‌നേഹം ലഭിക്കാറില്ല. ന്യൂ ഇയര്‍ ആഘോഷമായി കള്ള് കുടിച്ച് തുടങ്ങി മോശം ലൈഫ്‌സ്‌റ്റൈലിലൂടെയും കരളിനെ സ്ഥിരമായി ദ്രോഹിക്കുകയാണ് മിക്കവരും ചെയ്യുന്നത്. യുവാക്കള്‍ക്കിടയില്‍ കരളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടി വരുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ 2026ല്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കാം.
അമിതമായ ജങ്ക് ഫുഡ്, ചെറുപ്പം മുതലുള്ള മദ്യപാനം, ശാരീരികമായ അദ്ധ്വാനത്തിന്റെ കുറവ്, അമിതമായുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം, ഉറക്ക കുറവും മാനസിക സമ്മര്‍ദ്ദവും ഇക്കാര്യങ്ങളാണ് ചെറുപ്പക്കാരില്‍ ലിവര്‍ സംബന്ധിതമായ രോഗങ്ങള്‍ ഉയര്‍ത്താന്‍ കാരണമായിരിക്കുന്നത്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (NAFLD) ഇന്ന് യുവാക്കള്‍ക്കിടയില്‍ സാധാരണമായി മാറിയിരിക്കുകയാണ്.ലിവര്‍ ഇന്‍ഫ്‌ളമേഷന്‍ മുതല്‍ ലിവര്‍ സിറോസിസിലേക്ക് വരെ നയിക്കുന്നതാണ് ഈ ആരോഗ്യപ്രശ്‌നങ്ങള്‍.
ലിവര്‍ രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കില്ല എന്നതാണ് ലിവറിന്റെ സംരക്ഷണത്തെ പ്രാധാന്യമുള്ളതാക്കുന്നത്. പലപ്പോഴും പ്രശ്‌നങ്ങള്‍
കണ്ടെത്തുമ്പോഴേക്കും പലപ്പോഴും രോഗം അടുത്ത ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാകും. പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവയുമായി നേരിട്ട് ബന്ധമുള്ളതാണ് ലിവറിന്റെ ആരോഗ്യം. അതിനാല്‍ തന്നെ കരളിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്.
അമിതമായ മദ്യപാനം ഒഴിവാക്കുക. പാക്കറ്റിലടച്ച പ്രോസസ്സ് ഫുഡ്,അമിതമായ പഞ്ചസാര, സോഫ്റ്റ് ഡ്രിങ്കുകള്‍,രാത്രി വൈകിയുള്ള ഭക്ഷണം,സ്‌മോക്കിംഗ്, ലഹരി ഉപയോഗം ഇവയെല്ലാം കരളിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. പച്ചക്കറികള്‍,പഴങ്ങള്‍, മുഴുധാന്യങ്ങള്‍ എന്നിവ ഡയറ്റില്‍ ചേര്‍ക്കുക. ദിവസവും പതിവായി വ്യായാമം ചെയ്യുക. ആവശ്യത്തിന് ജലം കുടിക്കുക, കൃത്യമായ ഉറക്കം, വര്‍ഷത്തില്‍ ഒരിക്കല്‍ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ് (LFT) എന്നിവ വഴി കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താം. കരളിന്റെ ഡീടോക്‌സിന് ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയുമാണ് ഏറെ പ്രധാനം.