സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2023 (13:56 IST)
കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂര്‍ണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇന്‍കുബേഷന്റെ 42-ാമത്തെ ദിവസം 26ന് പൂര്‍ത്തിയാവുകയാണ്. ഈ വ്യാപനത്തില്‍ ആകെ ആറ് പേര്‍ പോസിറ്റീവായി. അതില്‍ രണ്ട് പേരാണ് മരണമടഞ്ഞത്. നെഗറ്റീവായവര്‍ ആശുപത്രി വിട്ട ശേഷമുള്ള ഐസൊലേഷന്‍ കാലാവധിയും പൂര്‍ത്തിയായിട്ടുണ്ട്.
ആഗോളതലത്തില്‍ തന്നെ 70 മുതല്‍ 90 ശതമാനം മരണനിരക്കുള്ള പകര്‍ച്ച വ്യാധിയാണ് നിപ. എന്നാല്‍ മരണനിരക്ക് 33.33 ശതമാനത്തില്‍ നിര്‍ത്തുന്നതിന് കോഴിക്കോട് സാധിച്ചു. മാത്രമല്ല സമ്പര്‍ക്കപ്പട്ടികയിലുള്ളയാള്‍ തന്നെ പോസിറ്റീവ് ആയെന്ന് കണ്ടെത്താന്‍ സാധിച്ചത് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യമായി നടന്നു എന്നതിന്റെ തെളിവായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. 1186 സാമ്പിളുകള്‍ പരിശോധിച്ചു. 1288 പേരായിരുന്നു സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നത്. അവരുടെ ഐസൊലേഷനും അതാത് ഘട്ടങ്ങളില്‍ പൂര്‍ത്തിയായിരുന്നു. 53,708 വീടുകള്‍ സന്ദര്‍ശിച്ചു. 118 പേരെയാണ് കിടത്തി ചികിത്സിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 107 പേര്‍ ചികിത്സ തേടിയിരുന്നു.