1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Thyroid and Diabetes in Human

തൈറോയ്ഡും പ്രമേഹവും തമ്മിൽ എന്താണ് ബന്ധം?

Diabetes, Thyroid, diabetes and thyroid, Diabetes Thyroid Symptoms
ഇന്ത്യയിൽ, പ്രായപൂർത്തിയായ 10 പേരിൽ ഒരാൾക്ക് തൈറോയ്ഡും 11 പേരിൽ ഒരാൾക്ക് പ്രമേഹവുമുണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഈ രണ്ട് രോഗാവസ്ഥകളും എത്രത്തോളം പരസ്പം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമ്മൾ പലർക്കും അറിയാത്ത കാര്യമാണ്. ടൈപ്പ് 2 പ്രമേഹമുള്ള ഏകദേശം നാലിൽ ഒരാൾക്ക് തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുന്ന ഹൈപ്പോ തൈറോയിഡിസം അവസ്ഥയുമുണ്ട്. ഇത് യാദൃശ്ചികമല്ല. 
 
കഴുത്തിന്റെ താഴ്ഭാഗത്ത് ആദംസ് ആപ്പിളിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിന്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ഗ്രന്ഥിയാണിത്. തൈറോയ്ഡ് ഹോർമോണുകളും ഇൻസുലിനും ശരീരത്തിന്റെ ഊർജ്ജ മാനേജർമാരെപ്പോലെയാണ്. നിങ്ങളുടെ ശരീരം എത്ര വേഗത്തിൽ ഊർജ്ജം ഉപയോഗിക്കുന്നുവെന്നത് നിയന്ത്രിക്കാൻ തൈറോയ്ഡ് ഹോർമോണുകൾ സഹായിക്കുന്നു. അതേസമയം ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം സുഗമമാക്കുന്നതിൽ ഇവ ഒരുമിച്ച് വലിയ പങ്ക് വഹിക്കുന്നു. അതിനാൽ, തൈറോയ്ഡ് പ്രവർത്തനം തടസ്സപ്പെടുമ്പോൾ അത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ ബാധിക്കും. നേരെ തിരിച്ചും.
 
പ്രമേഹരോഗികളായ ആളുകൾ സാധാരണയായി അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് ബോധവാന്മാരായിരിക്കും. ഏറ്റക്കുറച്ചിലുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയാം. എന്നാൽ തൈറോയ്ഡ് തകരാറുകളുടെ പല ലക്ഷണങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. അവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുമെങ്കിൽപ്പോലും പെട്ടെന്ന് ശ്രദ്ധയിൽപ്പെടുവാനുള്ള സാധ്യത കുറവാണ്. ഇവിടെയാണ് പതിവായി തൈറോയ്ഡ് പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം. - അബോട്ട് ഇന്ത്യയുടെ മെഡിക്കൽ അഫയേഴ്‌സ് ഹെഡ് ഡോക്ടർ രോഹിത ഷെട്ടി പറയുന്നു. ശരിയായ പരിചരണത്തിലൂടെ തൈറോയ്ഡ് പ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും. 
 
തൈറോയ്ഡ് പലപ്പോഴും അവഗണിക്കപ്പെടുന്നു. ജനസംഖ്യയുടെ വലിയൊരു ശതമാനവും തിരിച്ചറിയാത്ത പ്രശ്‌നങ്ങളുമായാണ് ജീവിക്കുന്നത് എന്നതിനാൽ ആവശ്യമായ പരിചരണം തേടുന്നില്ല. പ്രമേഹമുള്ള പലർക്കും ശ്രദ്ധേയമായ  ലക്ഷണങ്ങളില്ലാതെ തൈറോയ്ഡ് പ്രശ്‌നങ്ങൾ ഉണ്ടാകാം. ക്ഷീണം, ഓർമ്മക്കുറവ്, ഉറക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, അമിത ഭാരം എന്നിവ മുതൽ മലബന്ധം, വരണ്ട ചർമ്മം, തണുപ്പിനോട് അസഹിഷ്ണുത, പേശിവലിവ്, വീർത്ത കൺപോളകൾ എന്നിവ വരെ ആകാം അവ. തൈറോയ്ഡ് പ്രവർത്തന രഹിതമാകുന്നത് ഊർജ്ജ നില, ഭാരം, മാനസികാവസ്ഥ, ഹൃദയമിടിപ്പ് എന്നിവയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. - തിരുവനന്തപുരം കിംസ്ഹെൽത്ത് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ. അഖിൽ കൃഷ്ണ പറയുന്നു, 
 
പ്രമേഹവും തൈറോയ്ഡ് തകരാറുകളും കൂടിച്ചേർന്നാൽ വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം മോശമാകൽ, രക്തചംക്രമണത്തിലെ പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇവ ഡയബറ്റിക് റെറ്റിനോപ്പതി (രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുമ്പോൾ സംഭവിക്കുന്നു), നാഡികളുടെ തകരാറ്, ഹൃദ്രോഗം തുടങ്ങിയ സങ്കീർണതകൾക്ക് കാരണമാകും.
 
ഹൈപ്പോ തൈറോയിഡിസം 
 
ഹൈപ്പോതൈറോയിഡിസം ശരീരം ഇൻസുലിനെ സ്വീകരിക്കുന്ന പ്രവർത്തിയെ മന്ദഗതിയിലാക്കുന്നു ഇൻസുലിൻ രക്തത്തിൽ കൂടുതൽ നേരം നിലനിൽക്കും എന്നതാണ് ഇതിനർഥം. ഇത് രക്തത്തിലെ പഞ്ചസാരയിൽ അപ്രതീക്ഷിതമായ കുറവിന് കാരണമാകും. മെറ്റബോളിസം മന്ദഗതിയിലാകുവാനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാതുന്നു. ഒപ്പം ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കാതെയാകും. പ്രമേഹമുള്ളവരിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന തൈറോയ്ഡ് തകരാറ് സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസമാണ്.  തൈറോയ്ഡ് ഗ്രന്ഥി സാധാരണ നിലയിൽ പ്രവർത്തിക്കാത്തതും എന്നാൽ ദൃശ്യമായ ലക്ഷണങ്ങളൊന്നും ഇല്ലാത്തതുമായ ഒരു അവസ്ഥയാണിത്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിലെ മാറ്റങ്ങളാൽ ഹൈപ്പോതൈറോയിഡിസം ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കും.
 
ഹൈപ്പർതൈറോയിഡിസം
 
ഹൈപ്പർതൈറോയിഡിസം മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. ഇത് ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസ് വേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കാരണമാകുകയും കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കുന്നത് കുറയുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവിലേക്കാണ് (ഹൈപ്പർ ഗ്ലൈസീമിയ) ഇത് നയിക്കുന്നത്. പ്രമേഹമുള്ളവരിൽ സ്ഥിരമായ ഗ്ലൂക്കോസ് അളവ് നിലനിർത്തുന്നത് ഇതുകരണം വെല്ലുവിളിയാകും. 
 
ഹൈപ്പോ തൈറോയിഡിസവും ഹൈപ്പർ തൈറോയിഡിസവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നുവെന്നതിനാൽ പതിവായുള്ള പരിശോധനകളും പരിപാലനവും ആവശ്യമാണ്.
 
ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ഡോക്ടറുടെ ഉപദേശപ്രകാരം സമയബന്ധിതമായ മരുന്നുകൾ എന്നിവയിലൂടെ തൈറോയിഡിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കും.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നിങ്ങളൊരു ബിരിയാണി ലൗവർ ആണോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങൾ