VISHNU N L|
Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (13:27 IST)
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നും അര്‍ബുദത്തിനും ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും നിങ്ങള്‍ക്ക് നന്നായറിയാം. എന്നാല്‍ എന്തുകൊണ്ടാണ് പുകവലിക്കാരില്‍ എല്ലാവര്‍ക്കും കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാകാത്തത്? ഈ ചോദ്യം ചോദിച്ചുകൊണ്ടാണ് പല പുകവലിക്കാരും പുകയില വിരുദ്ധ പ്രചാരണങ്ങളെ എതിര്‍ക്കുന്നത്. ഇതേ ചോദ്യത്തിന് വൈദ്യ ശാസ്ത്രത്തിനു ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍ കുഴപ്പിക്കുന്ന ആ ചോദ്യത്തിന് ഇന്ന് ലോകം വൈദ്യശാസ്ത്രം ഉത്തരം കണ്ടെത്തിയിരിക്കുന്നു.
പുകവലിക്കാരെ അകാല മരണത്തില്‍ നിന്ന് കൈപിടിച്ച് രക്ഷിക്കുന്നത് മറ്റാരുമല്ല. അത്തരക്കാര്‍ക്ക് പാരമ്പര്യമായി പകര്‍ന്നു കിട്ടിയിട്ടുള്ള പ്രത്യേകതരം ജീനാണ് ഈ രക്ഷാകവചം ഒരുക്കുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇത്തരം ജനിതകഘടനയുള്ള പുകവലിക്കാരില്‍, അതുമൂലമുള്ള ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 11 ശതമാനം കുറവായിരിക്കുമത്രെ..!
കോശങ്ങള്‍ക്കുണ്ടാകുന്ന അപചയങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം ജീനുകള്‍ക്ക് സാധിക്കും. അതുകൊണ്ടാണ് പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ഇത്തരക്കാരെ ബാധിക്കാത്തത്. അതുകൂടാതെ ഇത്തരക്കാരില്‍ പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളും കുറവായിരിക്കുമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. മോര്‍ഗന്‍ ലെവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ദി ജേര്‍ണല്‍ ഓഫ് ഗരോന്റോളജി, സീരിസ് എ: ബയോളജിക്കല്‍ സയന്‍സസ് ആന്‍ഡ് മെഡിക്കല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുകവലി മുലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കാവുന്നതല്ല. ക്യാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍ തുടങ്ങി മരണകാരണമാകുന്ന അസുഖങ്ങള്‍ പുകവലിക്കാരെ തേടിയെത്താറുണ്ട്.
ലോകത്ത് സംഭവിക്കുന്ന 30 ശതമാനം ക്യാന്‍സര്‍ മരണങ്ങള്‍ക്കും കാരണം പുകവലി മൂലമുള്ള ശ്വാസകോശാര്‍ബുദമാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രത്യേക ജനിതക ഘടനയുള്ളവര്‍ക്ക് ഇത് തല്‍ക്കാലം ബാധകമാകില്ല.