1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Digital World and Children addiction

അൽഗോരിതങ്ങൾ കുട്ടികളെ വളർത്തുമ്പോൾ: ഡിജിറ്റൽ ലഹരിയുടെ കാണാപ്പുറങ്ങളും പ്രതിരോധ വഴികളും

ഒരു കുഞ്ഞ് കരയുമ്പോഴോ ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ മാതാപിതാക്കൾ ആദ്യം ചെയ്യുന്ന കാര്യം മൊബൈൽ ഫോൺ എടുത്തു നൽകുക എന്നതാണ്

Digital World and Children addiction, Digital World Side Effects
നന്ദകിഷോർ ഹരികുമാർ 
സൈബർ സുരക്ഷാ വിദഗ്ദ്ധൻ, സി.ഇ.ഒ ടെക്‌നിസാന്റ് 
 
സാങ്കേതികവിദ്യയുടെ അതിവേഗ കുതിപ്പിൽ നമ്മുടെ ലോകം ഒരു വിരൽത്തുമ്പിലേക്ക് ചുരുങ്ങിയിരിക്കുന്നു. എന്നാൽ ഈ ഡിജിറ്റൽ വിപ്ലവം നമ്മുടെ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഭീതിജനകമാണ്. മുൻതലമുറകൾ പുസ്തകങ്ങളിലൂടെയും കളിക്കളങ്ങളിലൂടെയും ലോകത്തെ അറിഞ്ഞപ്പോൾ, ഇന്നത്തെ തലമുറ ജനിച്ചുവീഴുന്നത് തന്നെ ഇന്റർനെറ്റിലേക്കാണ്. ഒരു സൈബർ സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ ഞാൻ ദിവസവും കാണുന്ന സൈബർ കെണികളും, അതിന്റെ ഫലമായി തകരുന്ന കുട്ടിക്കാലവും നമ്മെ ഗൗരവതരമായ ചില ചിന്തകളിലേക്ക് നയിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയും ഓൺലൈൻ ഗെയിമുകളും നമ്മുടെ കുട്ടികളുടെ മൂല്യങ്ങളെയും മാനസികാരോഗ്യത്തെയും എങ്ങനെയാണ് തകിടം മറിക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
 
എന്തുകൊണ്ട് കുട്ടികൾ മൊബൈൽ അഡിക്റ്റുകളാകുന്നു?
 
ഒരു കുഞ്ഞ് കരയുമ്പോഴോ ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ മാതാപിതാക്കൾ ആദ്യം ചെയ്യുന്ന കാര്യം മൊബൈൽ ഫോൺ എടുത്തു നൽകുക എന്നതാണ്. യൂട്യൂബിലെ കൊക്കോമെലോൺ പോലുള്ള കാർട്ടൂണുകളിൽ തുടങ്ങി, പിന്നീട് അവർ സോഷ്യൽ മീഡിയയുടെ ലോകത്തേക്ക് പ്രവേശിക്കുന്നു. വലിയ സാങ്കേതികവിദ്യ കമ്പനികൾ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കളെ നിലനിർത്താൻ ഉപയോഗിക്കുന്നത് 'അൽഗോരിതം' (Algorithm) എന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്.
 
കുട്ടികളുടെ താല്പര്യങ്ങൾ വിശകലനം ചെയ്ത്, അവർക്ക് ഇഷ്ടമുള്ള റീലുകളും ഷോർട്ട് വീഡിയോകളും (ക്യാപ്‌സൂൾ ഉള്ളടക്കങ്ങൾ) നിരന്തരമായി അൽഗോരിതം അവരുടെ മുന്നിലേക്ക് എത്തിക്കുന്നു. ഇത് കുട്ടികളുടെ തലച്ചോറിൽ 'ഡോപമിൻ' (Dopamine) എന്ന രാസവസ്തുവിന്റെ അളവ് കൂട്ടുകയും, ലഹരി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതിന് സമാനമായ സുഖം നൽകുകയും ചെയ്യുന്നു. ഈ കെണിയിൽ വീഴുന്ന കുട്ടികൾക്ക് പിന്നീട് ഫോണില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ വരുന്നു.
 
ലഹരിയായി മാറുന്ന ഫോൺ അഡിക്ഷൻ
 
കഞ്ചാവോ മദ്യമോ പോലെ തന്നെ അപകടകരമായ ഒരു ലഹരിയാണ് ഫോൺ അഡിക്ഷൻ എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഫോൺ കയ്യിൽ നിന്നും മാറ്റുമ്പോൾ കുട്ടികൾ കടുത്ത ദേഷ്യം പ്രകടിപ്പിക്കുകയും, മാതാപിതാക്കളെ ശത്രുക്കളായി കാണുകയും ചെയ്യുന്നു. പബ്ജി (PUBG) പോലുള്ള ഓൺലൈൻ ഗെയിമുകളും ഇൻസ്റ്റാഗ്രാം റീലുകളും കുട്ടികളിൽ കടുത്ത മത്സരബുദ്ധിയും ആവേശവും ഉണ്ടാക്കുന്നു. പഠനരീതികൾ പോലും ഓൺലൈൻ ആയ ഇന്നത്തെ കാലത്ത് (ടെലഗ്രാം ക്ലാസുകൾ, ട്യൂഷൻ ആപ്പുകൾ) കുട്ടികളിൽ നിന്നും ഫോൺ പൂർണ്ണമായി മാറ്റുക അസാധ്യമാണ്. ഈ സാഹചര്യം കുട്ടികൾ ദുരുപയോഗം ചെയ്യുകയും, രക്ഷിതാക്കൾ ഏർപ്പെടുത്തുന്ന പാരന്റൽ കൺട്രോൾ പോലും വളരെ എളുപ്പത്തിൽ മറികടക്കാൻ അവർ പഠിച്ചെടുക്കുകയും ചെയ്യുന്നു.
 
ഗെയിമിംഗ്, ഡാർക്ക് വെബ്, സൈബർ ദുരുപയോഗം
 
ഓൺലൈൻ ഗെയിമുകളിലൂടെ കുട്ടികൾ പണം നഷ്ടപ്പെടുത്തുന്നതും, അപരിചിതരായ സൈബർ കുറ്റവാളികളുടെ വലയിൽ വീഴുന്നതും ഇന്ന് പതിവാണ്. ഇതിലും അപകടകരമാണ് ഇന്റർനെറ്റിന്റെ ഇരുണ്ട വശമായ 'ഡാർക്ക് വെബ്' (Dark Web). ലഹരിമരുന്നുകളുടെ വിൽപ്പന, തോക്കുകൾ, അശ്ലീല ഉള്ളടക്കങ്ങൾ എന്നിവ നിറഞ്ഞ ഈ ലോകത്തേക്ക് കൗതുകം കാരണം കുട്ടികൾ എത്തിപ്പെടുന്നു. കൂടാതെ തിയേറ്ററിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ടെലഗ്രാം, ടെറാബോക്‌സ് പോലുള്ള ആപ്പുകൾ വഴി സിനിമകൾ ഡൗൺലോഡ് ചെയ്ത് കാണുന്ന 'പൈറസി' (Pirated Content) ഒരു വലിയ സൈബർ കുറ്റകൃത്യമാണെന്ന് പല കുട്ടികൾക്കും അറിയില്ല. ജുവനൈൽ നിയമപ്രകാരം തങ്ങൾ ജയിലിൽ പോകാം എന്ന ധാരണ അവർക്കില്ല. കൂടാതെ, മുതിർന്നവർക്ക് മനസ്സിലാക്കാൻ പോലും കഴിയാത്ത കോഡ് വാക്കുകൾ ഉപയോഗിച്ച് കുട്ടികൾ പരസ്പരം ഓൺലൈനിലൂടെ മാനസികമായി പീഡിപ്പിക്കുന്ന 'സൈബർ ബുള്ളിയിംഗ്' (Cyber Bullying) ഇന്ന് സ്‌കൂൾ കുട്ടികൾക്കിടയിൽ വ്യാപകമാണ്.
 
തകരുന്ന മാനസികാരോഗ്യവും ആത്മഹത്യകളും: ഞെട്ടിക്കുന്ന കണക്കുകൾ
 
ലോകാരോഗ്യ സംഘടനയുടെയും (WHO) വിവിധ സൈബർ-മെഡിക്കൽ ജേണലുകളുടെയും കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള കൗമാരക്കാരിൽ വലിയൊരു ശതമാനം ആളുകൾ കടുത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവും (Depression) അനുഭവിക്കുന്നുണ്ട്. അതിൽ പ്രധാന വില്ലൻ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗമാണ്. ഇന്റർനെറ്റിലെ ആഡംബര ജീവിതങ്ങൾ കണ്ട്, 'എന്റെ മാതാപിതാക്കൾ എന്തുകൊണ്ട് ഒരു റീൽ ചെയ്യുന്നില്ല, എന്തുകൊണ്ട് നമുക്ക് വലിയ കാറില്ല' എന്നിങ്ങനെ വെർച്വൽ മാനദണ്ഡങ്ങൾ വെച്ചാണ് കുട്ടികൾ മാതാപിതാക്കളെ വിലയിരുത്തുന്നത്. ഇത് അവരിൽ വലിയ അപകർഷതാബോധം ഉണ്ടാക്കുന്നു. ആഗോളതലത്തിൽ പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളാണ് ആത്മഹത്യ ചെയ്യുന്നത്, അതിൽ 15-29 വയസ്സിലുള്ള കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം വളരെ കൂടുതലാണ്. പല രാജ്യങ്ങളിലും യുവാക്കളുടെ മരണത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി ആത്മഹത്യ മാറിയിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലും മറ്റും കാണുന്ന കൊറിയൻ റീലുകൾ പോലുള്ളവ കണ്ട് അതിൽ സ്വാധീനിക്കപ്പെട്ട് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന കേസുകൾ കേരളത്തിൽ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്താൽ കുട്ടി ജീവനൊടുക്കുമോ എന്ന ഭയത്താൽ മാതാപിതാക്കൾ ഇന്ന് കുട്ടികളെ നിയന്ത്രിക്കാൻ മടിക്കുന്ന അവസ്ഥയാണ്.
 
മൂല്യങ്ങളുടെ മാറ്റവും വഴിതെറ്റുന്ന മാതൃകകളും
 
നമ്മുടെയൊക്കെ കുട്ടിക്കാലത്ത് നമ്മൾ പ്രചോദനം ഉൾക്കൊണ്ടിരുന്നത് സ്വാമി വിവേകാനന്ദൻ, ഡോ. എ.പി.ജെ. അബ്ദുൽ കലാം, കെ.ആർ. നാരായണൻ തുടങ്ങിയ മഹദ്വ്യക്തികളുടെ വാക്കുകളിൽ നിന്നായിരുന്നു. പത്രം വായിക്കുന്നതും ബാലജനസഖ്യം പോലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നതും കുട്ടികളിൽ സാമൂഹിക അവബോധം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്നത്തെ ഭൂരിഭാഗം പുതിയ തലമുറയും 'കുപ്പി'യെ പോലുള്ള സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സിനെയാണ് മാതൃകയാക്കുന്നത്. ഇവർ സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശങ്ങളെ നമ്മൾ ഗൗരവമായി കാണേണ്ടതുണ്ട്. കൂടാതെ, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കാരണം പുസ്തകം വായിക്കാനുള്ള ക്ഷമ ഇന്ന് മുതിർന്നവർക്ക് പോലും നഷ്ടപ്പെടുന്നുണ്ട്, അപ്പോൾ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ.
 
നമ്മൾ എന്തുചെയ്യണം?
 
ഈ ഡിജിറ്റൽ ദുരന്തത്തിൽ നിന്നും നമ്മുടെ ഭാവി തലമുറയെ രക്ഷിക്കാൻ സമൂഹത്തിലെ എല്ലാ മേഖലകളിൽ ഉള്ളവരും ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
 
1. രക്ഷിതാക്കളുടെ പങ്ക്
 
 ഡിജിറ്റൽ ഡയറ്റ്:16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വ്യക്തിപരമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കരുത്.
 
സ്‌ക്രീൻ മാറ്റുക:കുട്ടികൾ ഫോണിൽ ഒറ്റയ്ക്കിരുന്ന് കൊറിയൻ നാടകങ്ങളോ സിനിമകളോ കാണുന്നതിന് പകരം അത് ലിവിംഗ് റൂമിലെ വലിയ ടെലിവിഷൻ സ്‌ക്രീനിൽ എല്ലാവർക്കുമൊപ്പം കാണാൻ നിർബന്ധിക്കുക. 'മാർക്കോ' പോലുള്ള കടുത്ത അക്രമങ്ങൾ നിറഞ്ഞ സിനിമകൾ കുട്ടികളുടെ സ്വഭാവത്തെ മോശമായി ബാധിക്കും. കുട്ടികൾക്ക് വ്യാജ അക്കൗണ്ടുകൾ (Fake Accounts) ഉണ്ടോ എന്ന് പരിശോധിക്കുക. അവരുമായി നല്ല സൗഹൃദം സ്ഥാപിക്കുക.
 
2. അധ്യാപകരുടെയും സ്‌കൂളുകളുടെയും പങ്ക്
 
ഇന്റർനെറ്റ് സാക്ഷരത:പണ്ട് സ്‌കൂളുകളിൽ വെള്ളിയാഴ്ചകളിൽ അടിസ്ഥാന നിയമങ്ങൾ പഠിപ്പിച്ചിരുന്നതുപോലെ (ആ പഴയ ഓറഞ്ച്/പിങ്ക് പുസ്തകം ഓർമ്മയുണ്ടാകും), ഇന്ന് ഒന്നാം ക്ലാസ് മുതൽ 'ഇന്റർനെറ്റ് സാക്ഷരതയും നിയമങ്ങളും' പാഠ്യപദ്ധതിയായി കൊണ്ടുവരണം. സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോർഡുകൾ ഇതിന് മുൻകൈ എടുക്കണം.
 
അധിക്ഷേപ രഹിത സ്‌കൂളുകൾ: സ്‌കൂളുകളിൽ അവബോധ ക്ലാസുകൾ നടത്തി '100% അധിക്ഷേപ രഹിത സ്‌കൂളുകൾ' സൃഷ്ടിക്കണം. ക്ലാസിലെ ഏതാനും കുട്ടികൾ വഴിതെറ്റി പോകുന്നത് കൃത്യമായ കൗൺസിലിംഗിലൂടെ മാറ്റിയെടുക്കണം.
 
ലാസ്റ്റ് ബെഞ്ച് മിഥ്യാധാരണകൾ മാറ്റുക: ലാസ്റ്റ് ബെഞ്ചിലിരിക്കുന്നവർ മോശം കുട്ടികളാണെന്ന ചിന്ത മാറ്റണം. എ.പി.ജെ. അബ്ദുൽ കലാം പറഞ്ഞതുപോലെ, രാജ്യത്തെ ഏറ്റവും മികച്ച തലച്ചോറുകൾ വരുന്നത് ലാസ്റ്റ് ബെഞ്ചുകളിൽ നിന്നാകാം. നമ്മുടെ സാധാരണ സർക്കാർ വിദ്യാലയങ്ങളാണ് കെ.ആർ. നാരായണനെയും, ടി.കെ.എ. നായരെയും, ഹോർമിസ് തരകനെയും പോലുള്ള പ്രതിഭകളെ സൃഷ്ടിച്ചത്.
 
3. ഗവൺമെന്റിന്റെയും പൊതുസമൂഹത്തിന്റെയും പങ്ക്
 
നിയമബോധം വളർത്തുക: ഇന്റർനെറ്റിൽ ഒളിച്ചിരിക്കാൻ (Anonymity) സാധിക്കില്ലെന്നും, വിപിഎൻ (VPN) ഉപയോഗിച്ചാൽ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (MHA) സർക്കുലർ പ്രകാരം വിവരങ്ങൾ ഗവൺമെന്റിന് ലഭിക്കുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം. ഇന്റർനെറ്റിൽ ആരെയും വിമർശിക്കാം, എന്നാൽ വ്യക്തിപരമായി അധിക്ഷേപിച്ചാൽ ജുവനൈൽ ഹോമുകളിൽ കഴിയേണ്ടി വരും എന്ന ബോധ്യം ഉണ്ടാക്കണം.
 
പൗരബോധം:റോഡിൽ തുപ്പരുത്, മലിനവസ്തുക്കൾ വലിച്ചെറിയരുത് തുടങ്ങിയ അടിസ്ഥാന പൗരബോധങ്ങൾ പോലെ സൈബറിടത്തിലെ സിവിക് സെൻസ് കാര്യങ്ങൾ  നിരന്തരമായി ഗവൺമെന്റ് മുൻകൈ എടുത്ത് സ്‌കൂളുകളിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങളിൽ എത്തിക്കണം.
 
ഇന്റർനെറ്റ് ഒരു നല്ല വേലക്കാരനാണ്, എന്നാൽ മോശം യജമാനനാണ്. അത് നമ്മുടെ കുട്ടികളെ ഭരിക്കാൻ അനുവദിക്കരുത്. നിയമങ്ങൾ ലംഘിച്ചാൽ കർശനമായ ശിക്ഷ ലഭിക്കുമെന്ന ബോധ്യവും, ഡിജിറ്റൽ ലോകത്തിനപ്പുറം മനോഹരമായ ഒരു യഥാർത്ഥ ലോകമുണ്ടെന്ന തിരിച്ചറിവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കണം. രക്ഷിതാക്കളും അധ്യാപകരും സർക്കാരും കൈകോർത്താൽ മാത്രമേ സൈബർ ലോകത്തെ ഈ അദൃശ്യ വിപത്തിൽ നിന്നും നമ്മുടെ ഭാവി തലമുറയെ സുരക്ഷിതമായി കാത്തുസൂക്ഷിക്കാൻ സാധിക്കൂ.
നന്ദകിഷോർ ഹരികുമാർ
നന്ദകിഷോർ ഹരികുമാർ