ചെന്നൈ|
Last Modified തിങ്കള്‍, 2 നവംബര്‍ 2015 (13:19 IST)
കാൻസർ ചികിത്സയ്ക്കുള്ള ആധുനിക കണ്ടെത്തലുകളിൽ ശാസ്ത്രലോകം അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയത് ഒരു ബ്രീഫ്കേസാണ്. എന്നുപറഞ്ഞാൽ ഒരുവെറും ബ്രീഫ്കേസല്ല, കാൻസർ രോഗം കണ്ടുപിടിക്കാനുള്ള എല്ലാ സാമഗ്രികളുമടങ്ങിയ ഒരു കുട്ടിലാബ് തന്നെ. ലാബ്-ഇൻ-എ-ബ്രീഫ്കേസ് എന്തായാലും വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഒരു ആശ്വാസമാകുമെന്ന് ഉറപ്പ്.
പല രാജ്യങ്ങളിലെയും മിക്ക പ്രദേശങ്ങളിലും കാൻസർ ഡിറ്റക്ഷനുള്ള എല്ലാ സജ്ജീകരണങ്ങളുമുള്ള ലാബുകൾ ഇല്ല എന്നത് വസ്തുതയാണ്. അതിന് ഒരു വലിയ പരിഹാരമായിരിക്കും ലാബ്-ഇൻ-എ-ബ്രീഫ്കേസ്. ഒരു ബ്രീഫ്കേസിലൊതുങ്ങുന്ന ഉപകരണങ്ങൾ കൊണ്ട് കാൻസർ രോഗം കണ്ടെത്താനാകും. വലിയ കെട്ടിടങ്ങളുടെ ആവശ്യമില്ല. ഏത് മലയും കുന്നും കയറി ഈ കുഞ്ഞുലാബ് രോഗിയുടെ അടുത്തെത്തും. കടുത്ത ചൂടിലും ഒരു പ്രശ്നവുമില്ലാതെ ലാബ് പ്രവർത്തിക്കുകയും ചെയ്യും.
കാൻസർ രോഗം അതിന്റെ പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താൻ കഴിയാത്തതാണ് പല രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി. ബ്രീഫ്കേസ് ലാബുകൾ വലിയ അളവിൽ അതിന് പരിഹാരമാകും. യു കെയിലെ ലോഫ്ബൊറോ സർവകലാശാലയിലെ പ്രൊഫസറായ ഡോ. ന്യൂനോ റീസ് ആണ് ഈ കണ്ടുപിടുത്തത്തിന്റെ ബുദ്ധികേന്ദ്രം.
ഒരേസമയം രക്തസാമ്പിളിന്റെ 80 വ്യത്യസ്ത ടെസ്റ്റുകൾ നടത്താൻ ശേഷിയുള്ള ഉപകരണം, ടെസ്റ്റ് സ്ട്രിപ്പുകളുടെ ചിത്രങ്ങളെടുത്തുവയ്ക്കാൻ കഴിവുള്ള യു എസ് ബി പവേർഡായിട്ടുള്ള ഒരു ഫിലിം സ്കാനർ, രോഗിയുടെ അപ്പോഴപ്പോഴുള്ള വിവരങ്ങൾ അനാലിസിസ് ചെയ്യുന്ന ഒരു ലാപ്ടോപ്, പരീക്ഷണ സാമ്പിളുകളോടുകൂടിയ പ്രീലോഡഡായ മൈക്രോവെൽ പ്ലേറ്റുകൾ തുടങ്ങിയവ അടങ്ങിയതാണ് ഈ ലാബ്-ഇൻ-എ-ബ്രീഫ്കേസ്.
ട്രെയിനിംഗ് ലഭിച്ച ഒരേയൊരു ഓപ്പറേറ്റർ മതി എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. അയാൾക്ക് ഇതുപയോഗിച്ച് പരിശോധനകൾ പൂർത്തിയാക്കാൻ വെറും 15 മിനിറ്റ് മതിയാകും. വളരെ ചെലവ് കുറഞ്ഞതും സിമ്പിളായി ഉപയോഗിക്കാൻ കഴിയുന്നതുമായ ഈ കുഞ്ഞൻ ലാബ് അവികസിത രാജ്യങ്ങളിൽ ഏറെ ഫലപ്രദമായിരിക്കും. സാധാരണജനങ്ങൾക്ക് ഏറെ ആശ്വാസകരമായ ഈ കണ്ടുപിടുത്തം കാൻസർ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം പകരുമെന്ന കാര്യത്തിൽ സംശയമില്ല.