Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (17:15 IST)
ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് മോചനം ലഭിക്കാനും ശാന്തസുന്ദരമായ ജീവിതം നയിക്കാനും വാസ്തുശാസ്ത്രം പിന്തുണ നല്‍കുന്നു. പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മാണം നടത്തുക മാത്രമല്ല, നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും വേണമെന്ന് വാസ്തുശാസ്ത്രം അനുശാസിക്കുന്നു.
എങ്ങനെയുള്ള സ്ഥലത്തായിരിക്കണം നിര്‍മ്മാണം നടത്തേണ്ടത്? ഇതേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കില്‍ സ്വന്തം ഗൃഹത്തില്‍ താമസിക്കുന്നതിലൂടെ അശാന്തിയുടെ കരങ്ങളിലെ കളിപ്പാവയാവാന്‍ അധിക സമയം വേണ്ടിവരില്ല എന്ന് വാസ്തുവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കിഴക്ക് ദിക്കിലേക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിക്കിലേക്ക് ചരിഞ്ഞ ഭൂമിയാണ് ഗൃഹനിര്‍മ്മിതിക്ക് ഉത്തമം. പുരാതന ഗ്രന്ഥമായ സമരാംഗണ സൂത്രധാര ഇതിനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. വരുണന്‍റെ ദിക്കായ പടിഞ്ഞാറ്, യമന്‍ കാക്കുന്ന തെക്ക്, അഗ്നികോണായ തെക്ക്-കിഴക്ക്, മാരുതിയുടെ ദിക്കായ വടക്ക്-പടിഞ്ഞാറ് എന്നിവിടങ്ങളിലേക്ക് ചരിവുള്ള ഭൂമിയില്‍ വീട് വയ്ക്കുന്നത് നന്നല്ല. ബ്രഹ്മസ്ഥാനത്തേക്ക്(നടുഭാഗം) ചരിഞ്ഞ ഭൂമിയില്‍ ഒരിക്കലും ഗൃഹനിര്‍മ്മിതി നടത്തരുതെന്നും അനുശാസിക്കുന്നു.
മധ്യഭാഗം കുഴിഞ്ഞ ഭൂമിയില്‍ നിര്‍മ്മിതി നടത്തിയാല്‍ ദാരിദ്ര്യവും തകര്‍ച്ചയുമാവും ഫലം. എന്നാല്‍, എല്ലാ അതിരുകളിലും അല്‍പ്പം ചരിവുണ്ടായിരുന്നാല്‍ സന്തോഷവും സമൃദ്ധിയും ഫലമാണ്. കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിവുണ്ടെങ്കില്‍ സമ്പത്തും ആരോഗ്യവും സംരക്ഷിക്കപ്പെടും.
നിര്യതി കോണ് ഉയര്‍ന്നിരിക്കുന്ന ഭൂമിയാണ് വീട് വയ്ക്കാന്‍ ഏറ്റവും ഉത്തമം എന്ന് കരുതുന്നു. ഈ ഭൂമിയില്‍ വീട് വച്ചാല്‍ ആയിരം വര്‍ഷം വരെ ഗുണാനുഭവം ഉണ്ടായിക്കൊണ്ടിരിക്കും. ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ താമസക്കാരില്‍ ഉടനടി ദോഷം വരുത്തിയില്ല എങ്കിലും ഭാവിയില്‍ അതുണ്ടായേക്കാമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ശരിയായ ഭൂമിയില്‍ തന്നെ വീട് വയ്ക്കണം. അല്ലെങ്കില്‍ പരിഹാര പ്രക്രിയകള്‍ നടത്തി ഭൂമി നിര്‍മ്മാണയോഗ്യമാക്കണമെന്നും വാസ്തുശാസ്ത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു.