1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Kerala Blasters may get suspension from ISL

Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിക്ക് സാധ്യത; സസ്‌പെന്‍ഷനോ പിഴയോ !

പ്ലേ ഓഫിലെ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിനിടെയാണ് വിവാദ ഗോള്‍ പിറന്നത്

Kerala Blasters may get suspension from ISL
Kerala Blasters: ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ പ്രതിഷേധിച്ച് കളംവിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിക്ക് സാധ്യത. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധ സൂചകമായി കളം വിട്ടത്. ഇതിനെതിരെ ലീഗിന് നടപടിയെടുക്കാന്‍ അധികാരമുണ്ട്. ഒരു സീസണില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുകയോ അല്ലെങ്കില്‍ വലിയൊരു തുക പിഴ ഈടാക്കുകയോ ചെയ്യാം. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ നടപടി എന്ത് വേണമെന്ന് ലീഗിന് ആലോചിച്ച് തീരുമാനിക്കാം. കുറ്റത്തിന്റെ തീവ്രത പരിഗണിച്ചായിരിക്കും സസ്‌പെന്‍ഷന്‍ വേണോ പിഴ ഈടാക്കിയാല്‍ മതിയോ എന്ന് ലീഗ് തീരുമാനിക്കുക. 
 
പ്ലേ ഓഫിലെ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിനിടെയാണ് വിവാദ ഗോള്‍ പിറന്നത്. അധിക സമയത്തേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തില്‍ 97-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെയാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഫ്രീ കിക്കിനായി അണിനിരക്കുന്ന സമയത്ത് ഛേത്രി ക്വിക്ക് ഫ്രീ കിക്ക് എടുക്കുകയായിരുന്നു. ഇത് കൃത്യമായി പോസ്റ്റില്‍ ചെന്നുപതിച്ചു. 
 
ഛേത്രിയുടെ ഗോളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി ഗോള്‍ അനുവദിച്ചു. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രതിരോധ താരങ്ങളെ ഫ്രീ കിക്കിനായി അണിനിരത്താന്‍ പോയ സമയത്താണ് ഛേത്രിയുടെ വിവാദ ഗോള്‍. അതിവേഗ ഫ്രീ കിക്കിന് അനുവാദം നല്‍കിയിരുന്നെന്ന് റഫറിയും ഇല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും വാദിച്ചു. ഇതോടെ കണ്ടീരവ സ്റ്റേഡിയത്തില്‍ വാക്കേറ്റമായി. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് താരങ്ങളെ മടക്കിവിളിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് മടങ്ങി വരാന്‍ സമയം അനുവദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മാച്ച് റഫറി ബെംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിച്ചു. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വനിതാ ഐപിഎൽ: ജയത്തോടെ തുടങ്ങി ദൈവത്തിൻ്റെ പോരാളികൾ, ആദ്യ മത്സരത്തിൽ ഗുജറാത്ത് ജെയൻ്റ്സിന് വമ്പൻ തോൽവി