ഐസിയുവിലായ ഇന്ത്യൻ ഫുട്ബോളിന് ചെറിയ ആശ്വാസം, ഐഎസ്എൽ ഫെബ്രുവരി 5 മുതൽ ആരംഭിച്ചേക്കും
ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കാനൊരുങ്ങി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ലീഗ് നടത്തിപ്പിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടിയ എഐഎഫ്എഫ് ലീഗിന് പുതുജീവന്‍ നല്‍കാന്‍ വിപുലമായ പദ്ധതികളാണ് അവതരിപ്പിക്കുന്നത്.
അടുത്ത 20 വര്‍ഷത്തേക്ക് ചിലവുകള്‍ ചുരുക്കി ഫെഡറേഷന്‍ ഉടമസ്ഥതയില്‍ തന്നെ ലീഗ് സംഘടിപ്പിക്കാനാണ് നീക്കം. ഇതോടെ 2025-26 സീസണിന് ഫെബ്രുവരി അഞ്ചിന് കിക്കോഫ് കുറിക്കാനാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. എല്ലാ വര്‍ഷവും ജൂണ്‍ 1 മുതല്‍ മെയ് 31 വരെ 12 മാസം നില്‍ക്കുന്നതാകും സീസണ്‍. 70 കോടി ബജറ്റ് നിശ്ചയിച്ച് ചിലവുകള്‍ പരമാവധി ചുരുക്കിയാകും ലീഗ് നടത്തുക. ക്ലബുകള്‍ പങ്കാളിത്ത ഫീസായി എല്ലാ വര്‍ഷവും ഒരു കോടി രൂപ ഫെഡറേഷന് നല്‍കണം.
ഈ തുക സീസണ്‍ അവസാനത്തില്‍ ക്ലബുകള്‍ക്ക് തിരികെ ലഭിക്കും. വരുമാന വിഹിതത്തിന്റെ 10 ശതമാനം ഫെഡറേഷനും 30 ശതമാനം വാണിജ്യ പങ്കാളികള്‍ക്കുമായി നീക്കിവെയ്ക്കും. ഈ ആഴ്ച ക്ലബ് പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയിലാകും അന്തിമരൂപം വ്യക്തമാവുക.