ചെമ്മീനും അമരവുമാണ് കടലോര സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ ഉള്ളിലേക്ക് വരുന്നത്. എന്‍റെ മാത്രമല്ല, ഒട്ടുമിക്ക മലയാളികളുടെയും. രാമു കാര്യാട്ടും ഭരതനും ചെയ്ത ക്ലാസിക്കുകളുടെ ശ്രേണിയിലേക്ക് സത്യന്‍ അന്തിക്കാട് എന്ത് സംഭാവനയാണ് ചെയ്യുന്നത് എന്ന് കണ്ടറിയാനുള്ള ആകാംക്ഷയായിരുന്നു സിനിമ തുടങ്ങുന്നതുവരെ എന്നെ ഭരിച്ചത്. സിനിമ കഴിഞ്ഞതോടെ സങ്കടമായി. കാര്യാട്ടിനോ ഭരതനോ യാതൊരുവിധ വെല്ലുവിളിയും സത്യന്‍ അന്തിക്കാട് ഉയര്‍ത്തിയിട്ടില്ല. മാത്രമല്ല, ഇത് എന്നും കാണുന്നതുപോലെ ഒരു പതിവ് സത്യന്‍ ചിത്രം തന്നെയാകുന്നു. പശ്ചാത്തലം കടലാണെന്നുള്ള ഒരേയൊരു പ്രത്യേകത മാത്രം.
തിരക്കഥയെഴുതുന്നതിലുള്ള വിദഗ്ധ്യമില്ലായ്മ തെറിച്ചുനിന്നവയായിരുന്നു സമീപകാല സത്യന്‍ സിനിമകള്‍. ‘പുതിയ തീരങ്ങള്‍’ അതിനൊരു അവസാനമാകുമല്ലോ എന്ന് പ്രതീക്ഷിച്ചു. എന്നാല്‍, എന്‍റെ അഭിപ്രായത്തില്‍ സത്യന്‍ അന്തിക്കാട് സ്വയം തിരക്കഥയെഴുതുന്നത് തന്നെയായിരുന്നു ഇതിലും ഭേദം. ബെന്നി പി നായരമ്പലം എഴുതിയ മോശം തിരക്കഥകളില്‍ ഒന്നാണ് പുതിയ തീരങ്ങള്‍. പേരില്‍ ‘പുതിയ’ എന്നുണ്ടെങ്കിലും സത്യന്‍ അന്തിക്കാട് മുമ്പു പലതവണ പറഞ്ഞുതന്നിട്ടുള്ള പഴയ പഴയ തീരങ്ങള്‍ തന്നെയാണ് ഈ സിനിമയിലുള്ളത്.
ചിത്രത്തിന്‍റെ ആദ്യപകുതി രസകരമാണ്. എന്നാല്‍ പോകെപ്പോകെ കാഴ്ചക്കാരനെ വിരസതയിലേക്ക് നയിക്കുന്നു സിനിമ. രണ്ടാം പകുതിയുടെ ആരംഭകാലമൊക്കെ വളരെ ഡ്രാഗിംഗ് ആണ്. ക്ലൈമാക്സ് ആര്‍ക്കും പ്രവചിക്കാവുന്നതും. എന്തെങ്കിലും അപ്രതീക്ഷിതമായ കാഴ്ച ആഗ്രഹിച്ചിരിക്കുന്ന പ്രേക്ഷകരെ നിരാശയിലാഴ്ത്തുന്ന സിനിമയായി പുതിയ തീരങ്ങള്‍.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)