അമ്പതിലധികം നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. ഇപ്പോഴും ഓരോ സിനിമയും തന്റെ ആദ്യ സിനിമയെന്നതുപോലെ അദ്ദേഹം സമീപിക്കുന്നു. തന്നെ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഘടകമില്ലെങ്കില്‍ താന്‍ ആ സിനിമ ചെയ്യില്ല എന്ന് വ്യക്തമാക്കുന്ന സത്യന് അന്തിക്കാട് ഇപ്പോള്‍ ‘പുതിയ തീരങ്ങള്‍’ എന്ന സിനിമയുടെ തിരക്കിലാണ്. കടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരങ്ങള്‍ ഒരുങ്ങുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥ.
“ഒരു സിനിമയിലേക്ക് എന്നെ ആകര്‍ഷിക്കുന്നത് ആ സിനിമയില്‍ പുതുതായി അനുഭവപ്പെടുന്ന ഘടകങ്ങളായിരിക്കും. സിനിമയിലേക്ക് സംവിധായകനെ ആകര്‍ഷിക്കുന്ന എന്തെങ്കിലുമുണ്ടാവണം. അല്ലെങ്കില്‍ സിനിമയൊരുക്കുന്നത് വെറും കൈത്തൊഴില്‍ പോലെയായി പോകും. അപ്പോള്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ ആസ്വദിക്കാന്‍ ഒന്നുമുണ്ടാകില്ല. സിനിമയില്‍ നമ്മള് ആകൃഷ്ടനാകുമ്പോഴാണ് അത് ഒരുക്കുന്നതില്‍ എന്ജോയ് ചെയ്യാന്‍ കഴിയുന്നത്. ഞാന്‍ എന്നും സിനിമ ചെയ്തിട്ടുള്ളത് അങ്ങനെയാണ്” - സത്യന് അന്തിക്കാട് പറയുന്നു.
സത്യന് അന്തിക്കാടിന്റെ സിനിമകള്‍ എപ്പോഴും കുടുംബബന്ധങ്ങളുടെ കഥയായിരിക്കും പറയുന്നത്. പുതിയ തീരങ്ങളും അങ്ങനെ തന്നെ. “പ്രമേയപരമായി എനിക്ക് ചില നിലപാടുകളുണ്ട്. ആ നിലപാടില്‍ നിന്ന് മാറി നിന്ന് ഞാന്‍ സിനിമ ചെയ്യില്ല. അങ്ങനെ വരുമ്പോഴാണ് ഒരോ സിനിമയും എനിക്ക് ഓരോ ചലഞ്ചായി മാറുന്നതും ആസ്വദിക്കാന്‍ കഴിയുന്നതും” - രാഷ്ട്രദീപിക സിനിമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സത്യന് വ്യക്തമാക്കുന്നു.
മലയാളത്തില്‍ ഇത് ന്യൂ ജനറേഷന് സിനിമകളുടെ കാലമാണ്. ഒരു വലിയ മാറ്റം വന്നിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്നാല്‍ അത് വിദേശ സിനിമകളെ അനുകരിക്കല്‍ മാത്രമായി മാറിപ്പോകുന്നു എന്ന ആക്ഷേപമുണ്ട്. സിനിമകളില്‍ മലയാളിത്തം നഷ്ടമാകുന്നു. ഇതേപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് സത്യന് അന്തിക്കാടിനുണ്ട്.
“നവസിനിമ തരംഗം നല്ലത് തന്നെയാണ്. പക്ഷേ, ആദ്യം മനസിലാക്കേണ്ടത് കേരളം എന്നത് നഗരങ്ങള്‍ മാത്രമുള്ള ഇടമല്ല എന്നതാണ്. യുവത്വത്തിന്റെ കഥയെടുക്കുമ്പോള്, ഇന്റര്‍നെറ്റും ഫേസ്ബുക്കും ഉപയോഗിക്കുന്നവര്‍ മാത്രമല്ല കേരളത്തില്‍ യുവാക്കളായി ഉള്ളത് എന്ന ധാരണ വേണം. നഗരകേന്ദ്രീകൃതമായ പശ്ചാത്തലത്തിനുമപ്പുറം യുവാക്കളുടെ ഒരു വലിയ വിഭാഗവും അവരുടെ ജീവിതവും കേരളീയ സമൂഹത്തിലുണ്ട്. അത് കാണാതെ പോകരുത്” - സത്യന് പറയുന്നു.
രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്നേഹവീട് തുടങ്ങിയ സിനിമകള്‍ക്ക് സത്യന് അന്തിക്കാട് സ്വയം തിരക്കഥ രചിക്കുകയായിരുന്നു. പുതിയ തീരങ്ങള്‍ പക്ഷേ ബെന്നി പി നായരമ്പലത്തിന്റെ സ്ക്രിപ്റ്റാണ്. “ഞാന്‍ സ്വയം തിരക്കഥകള്‍ എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ടത് എന്റെ എഴുത്തുകാര്‍ മറ്റു തിരക്കുകളിലേക്ക് പോയപ്പോഴാണ്. ഇപ്പോള്‍ ബെന്നിയുടെ തിരക്കഥ കടന്നു വന്നപ്പോള്‍ എന്റെ ചിന്താരീതിയില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നു. ഞാന്‍ എഴുതുന്നത് പോലെയല്ലാത്ത സംഭാഷണങ്ങള്‍ ഉണ്ടാവുന്നു. അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഒരു ചെയിഞ്ചാണ്. അങ്ങനെ ഒരു ടോട്ടല്‍ ഫ്രെഷ്നസ് ഈ സിനിമയില്‍ കടന്നു വന്നിട്ടുണ്ട്” - സത്യന് വ്യക്തമാക്കി.
പുതിയ തീരങ്ങളില്‍ നിവിന്‍ പോളിയും നമിത പ്രമോദും നെടുമുടി വേണുവുമാണ് പ്രധാന താരങ്ങള്‍. സെപ്റ്റംബര്‍ അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.