WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
“വെറുതെ ഇങ്ങനെ കിടക്കുമ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടതുപോലെ തോന്നും. ഞാന്‍ ഒന്നും ചെയ്യുന്നില്ല. റിലാക്സ്ഡ് ആണ്. കൈയില്‍ നിന്ന് ഒരു ട്യൂബ് ഒരു പ്ലാസ്റ്റിക് ബോട്ടിലിലേക്ക്. അതില്‍ നിന്നും രക്തം തുള്ളികളായി വീഴുന്നതിന്‍റെ ശബ്ദം കേള്‍ക്കാനായെങ്കില്‍ എന്ന് ആഗ്രഹിച്ചു. അതിന്‍റെ താളമെങ്കിലും ആസ്വദിക്കാമായിരുന്നു. ഇവിടെ, വേറെ ആരുമില്ല. ഇടയ്ക്കിടെ അത്ര സുന്ദരിയല്ലാത്ത ഒരു നഴ്സ് വന്ന് എത്തിനോക്കും. ഇടയ്ക്ക് വന്ന് ഇഞ്ചക്ഷനുകളും മരുന്നും” - ഒരാഴ്ച മുമ്പ് ആശുപത്രിക്കിടക്കയില്‍ വേദനയുടെ ഇടവേളയിലെപ്പൊഴോ കുറിച്ച വരികളാണ്.
തിലകന്‍ ചേട്ടന്‍ മരിച്ച ദിവസമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. ടി വി ഓണ്‍ ചെയ്തില്ല. വെറുതെ അദ്ദേഹത്തെക്കുറിച്ച് ആലോചിച്ചുകിടന്നു. ആദ്യമായി അദ്ദേഹത്തെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ പി ആര്‍ എസ് കോര്‍ട്ടിലെ ഫ്ലാറ്റില്‍ പോയത് ഓര്‍ത്തു. “അര മണിക്കൂര്‍ തരാം. അതുകഴിഞ്ഞ് എനിക്ക് കഞ്ഞികുടിക്കണം, ടാബ്‌ലറ്റ് കഴിക്കണം. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഞാന്‍ പറയുന്നതിന് മുമ്പ് അഭിമുഖം നിര്‍ത്തിയാല്‍ കൊള്ളാം. അല്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരും” - എന്നാണ് തിലകന്‍ ചേട്ടന്‍ ഫോണില്‍ പറഞ്ഞത്. പക്ഷേ ആ അഭിമുഖം നാലു മണിക്കൂറിലധികം നീണ്ടുനിന്നു. സംസാരത്തില്‍ ആവേശം കയറിയാല്‍ മറ്റെല്ലാം മറന്നുപോകുന്ന കൊച്ചുകുട്ടിയായി തിലകന്‍ ചേട്ടന്‍ മാറുമായിരുന്നു.
സിനിമയുടെ കാര്യത്തില്‍ ഞാനും അതുപോലെയാണ്. നല്ല സിനിമകള്‍ റിലീസായി എന്നറിയുമ്പോള്‍ രോഗത്തിന്‍റെ അസ്വാതന്ത്ര്യത്തില്‍ പോലും എനിക്ക് ചിറകുകള്‍ മുളയ്ക്കുന്നു. ആ സിനിമ ഏറ്റവും ആദ്യം കാണാനുള്ള കൊതി. അതിന്‍റെ വിഷ്വലുകള്‍ മാറിമറിയുമ്പോള്‍ എനിക്ക് വേദനയിലും ആശ്വാസം തോന്നും. ‘പുതിയ തീരങ്ങള്‍‘ എന്ന സത്യന്‍ അന്തിക്കാട് ചിത്രം ഒഴിവാക്കുന്നതെങ്ങനെ? വാക്കറില്‍ ശരീരം താങ്ങി തിയേറ്ററിലെ തണുപ്പിലേക്കിറങ്ങുമ്പോള്‍ അവിടെ ഒരു തെലുങ്ക് പടം ഡബ്ബ് ചെയ്ത് വരുന്നതിന്‍റെ പരസ്യമാണ്. ആകെയൊരു കോലാഹലം.
പുതിയ തീരങ്ങള്‍ ബെന്നി പി നായരമ്പലമാണ് എഴുതിയത്. ഛായാഗ്രഹണം വേണു. സംഗീതം ഇളയരാജ. ഈ സിനിമകളുടെ പാട്ടുകളില്‍ ഒന്ന് ഇന്നലെ രാത്രി ലാപ്ടോപ്പില്‍ കണ്ടു. പാട്ടുരംഗത്തിലെ ക്ലോസ് ഷോട്ടുകളില്‍ നിവിന്‍ പോളി ശരിയായിട്ടില്ല. എന്നാല്‍ ആ പെണ്‍കുട്ടി, നമിത പ്രമോദ് - അവള്‍ അടുത്ത സുമലതയല്ലേ? അതേചിരിയും ശാലീനതയും !